ക്ഷേമ പെൻഷൻ 1800 രൂപയാക്കും; 200 രൂപയുടെ വർധന അടുത്ത മാസം മുതൽ

 
pemsion

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 1800 രൂപയാക്കി ഉയർത്തും. ക്ഷേമ പെൻഷനിൽ 200 രൂപയുടെ വർധനയാണ് അടുത്ത മാസം മുതൽ ഉണ്ടാകുക. ധനമന്ത്രിയുടെ വസതിയിൽ സെക്രട്ടറിമാർക്കൊരുക്കിയ വിരുന്നിലാണ് തീരുമാനമുണ്ടായത്.

മുഖ്യമന്ത്രിയും ധനമന്ത്രിയും ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കും. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും ക്ഷേമ പെൻഷൻ വർധിപ്പിക്കാനും ആലോചനയുണ്ട്. നിലവിൽ1600 രൂപയാണ് സംസ്ഥാനത്ത് ക്ഷേമ പെൻഷനായി നൽകുന്നത്.

അടുത്തമാസം ആദ്യം ഇതുസംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി നടത്തുമെന്നാണ് വിവരം. 2500 രൂപ ക്ഷേമ പെൻഷനായി നൽകുമെന്നായിരുന്നു ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനം.

എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇത് നടപ്പാക്കാനായിരുന്നില്ല. എങ്കിലും വർധന പരി​ഗണനയിലുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഒരുമാസത്തെ കുടിശികയടക്കമുള്ള തുകയാണ് അടുത്തമാസം നൽകുക.

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിലും നിർണായക പ്രഖ്യാപനം ഉടൻ ഉണ്ടാകും. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് കമ്മീഷനെ നിയോഗിക്കും. രണ്ട് മാസമായിരിക്കും കമ്മീഷൻ്റെ കാലാവധി. രണ്ട് മാസത്തിനകം ശമ്പള പരിഷ്കരണ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കും.

സർക്കാർ ജീവനക്കാരുടെ ഡിഎ വർധന നടപ്പാക്കാനും തീരുമാനമുണ്ട്. 2023 ജനുവരിയിൽ ലഭിക്കേണ്ട ഡിഎ വർധനയാകും നൽകുക. 2019ലെ കുടിശികയായ രണ്ട് ഗഡു 2026 ജനുവരിയിൽ നൽകാനും തീരുമാനമായിട്ടുണ്ട്.

Tags

Share this story

From Around the Web