ആയുധങ്ങള്‍ സര്‍വനാശവും മരണവും വേദനയും മാത്രമാണ് സമ്മാനിക്കുക. പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പ്രതിവാര അഭിസംബോധന പ്രസംഗത്തിലാണ് പോപിന്റെ ആഹ്വാനം. ആയുധങ്ങള്‍ കൊണ്ടല്ല ചര്‍ച്ചയിലൂടെയാണു സമാധാനവും സ്ഥിരതയും ഉണ്ടാക്കേണ്ടത്. ആയുധങ്ങള്‍ സര്‍വനാശവും മരണവും വേദനയും മാത്രമാണ് സമ്മാനിക്കുക. പരിഹരിക്കാനാകാത്തവിധമുള്ള ആഘാതമുണ്ടാകും മുന്‍പു ധാര്‍മികമായി ഉത്തരവാദിത്തത്തെ കുറിച്ച് രാജ്യങ്ങള്‍ ചിന്തിക്കേണ്ടതുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു.
പരസ്പര ഭീഷണികളിലൂടെയോ, നാശം, വേദന, മരണം എന്നിവ വിതയ്ക്കുന്ന ആയുധങ്ങളിലൂടെയോ അല്ല സ്ഥിരതയും സമാധാനവും കെട്ടിപ്പടുക്കുന്നത്, മറിച്ച് ന്യായയുക്തവും ആധികാരികവും ഉത്തരവാദിത്തമുള്ളതുമായ സംഭാഷണത്തിലൂടെ മാത്രമാണ്, പാപ്പാ പറഞ്ഞു.
നയതന്ത്രം അതിന്റെ പങ്ക് വീണ്ടെടുക്കുകയും നീതിയിൽ അധിഷ്ഠിതമായി, സമാധാനപരമായ സഹവർത്തിത്വം ആഗ്രഹിക്കുന്ന ജനങ്ങളുടെ നന്മ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്നും പാപ്പാ അഭ്യർത്ഥിച്ചു.
വലിയ അനുപാതത്തിലുള്ള ഒരു ദുരന്തത്തിന്റെ സാധ്യത അഭിമുഖീകരിക്കുമ്പോൾ, അത് പരിഹരിക്കാനാവാത്ത വിടവായി മാറുന്നതിനുമുമ്പ്, തടയാനുള്ള ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ, ബന്ധപ്പെട്ട കക്ഷികളെ പാപ്പാ ആഹ്വാനം ചെയ്തു.
പുരോഹിതന്മാരോട് പള്ളികളുടെ വാതിലുകള്‍ ഉടന്‍ തുറക്കാനും ആളുകളെ വിശുദ്ധ ജപമാല ചൊല്ലാനും എളിമയോടെ ദിവ്യകാരുണ്യത്തിനു മുന്നില്‍ പ്രാര്‍ഥിക്കാനും ക്ഷണിക്കാന്‍ മാര്‍പാപ്പ ആവശ്യപ്പെട്ടു. വിശ്വാസികളോട് അവരുടെ പള്ളികളിലേക്കോ അടുത്തുള്ള പള്ളിയിലേക്കോ പോയി പ്രാര്‍ഥിക്കണം. ലോകത്തിന് ഒരു മുന്നറിയിപ്പും മാര്‍പ്പാപ്പ നല്‍കി.
മധ്യപൂര്‍വദേശത്തെയും ഇപ്പോള്‍ ഉക്രെയ്‌നിലെയും ക്രിമിയയിലെയും യുദ്ധങ്ങള്‍ വളരെ ഗുരുതരമാവുകയും വ്യാപിക്കുകയും ചെയ്യും. അവയെ തടയാന്‍, ലോകത്തെ തന്റെ കരുണകൊണ്ട് നിറയ്ക്കാനും ഭരണാധികാരികളെ പരിശുദ്ധാത്മാവിനാല്‍ പ്രകാശിപ്പിക്കാനും നന്മയും തിന്മയും തിരിച്ചറിയാനും സമാധാനത്തിനും സ്‌നേഹത്തിനും വേണ്ടി ഒരുമിച്ച് പോരാടാനും നാം ദൈവത്തോട് പ്രാര്‍ഥിക്കണം.
ദിവ്യബലി ലളിതമായും സ്‌നേഹത്തോടെയും അര്‍പ്പിക്കാന്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ പുരോഹിതന്മാരോട് ആവശ്യപ്പെട്ടു. എല്ലാ ദിവസവും പ്രാര്‍ത്ഥനയില്‍ ഒന്നിക്കുക. ലോകത്ത് നിങ്ങള്‍ എവിടെയായിരുന്നാലും, നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏത് സമയത്തും, എല്ലാം മാറ്റിവെച്ച് പരിശുദ്ധാത്മാവിനെ ഭൂമിയിലേക്ക് അയയ്ക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക, എല്ലാ ക്രിസ്ത്യാനികളോടുമുള്ള തന്റെ അഭ്യര്‍ഥന മാര്‍പാപ്പ ആവര്‍ത്തിച്ചു.