‘വിജയിച്ചുകഴിഞ്ഞാൽ യുദ്ധങ്ങളിൽ ചേരുന്ന ആളുകളെ ആവശ്യമില്ല’: ബ്രിട്ടന്റെ വിമാനവാഹിനിക്കപ്പലുകളെ പരിഹസിച്ച് ട്രംപ്
ഇറാനുമായുള്ള യുദ്ധം ജയിക്കാൻ അമേരിക്കയ്ക്ക് ബ്രിട്ടന്റെ സഹായം ആവശ്യമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ വളരെ വൈകിയാണ് സംഘർഷത്തിൽ പങ്കുചേരുന്നതെന്ന് ആരോപിച്ച ട്രംപ് അതിനാൽ തന്നെ ബ്രിട്ടന്റെ അഭിമാനമായ വിമാനവാഹിനിക്കപ്പലുകൾ ഇനി ആവശ്യമില്ലെന്നും പ്രസ്താവിക്കുകയായിരുന്നു.
മിഡിൽ ഈസ്റ്റിലേക്ക് വിമാനവാഹിനിക്കപ്പലുകൾ അയയ്ക്കുന്നതിനെക്കുറിച്ച് ബ്രിട്ടൻ ഒടുവിൽ ഗൗരവമായി ആലോചിച്ചു വരികയാണെന്നും എന്നാൽ അത്തരം പിന്തുണ ആവശ്യമില്ലെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു.
“നമ്മുടെ പഴയ വലിയ സഖ്യകക്ഷിയായ, ഒരുപക്ഷേ ഏറ്റവും വലിയ സഖ്യകക്ഷിയായ യുണൈറ്റഡ് കിംഗ്ഡം, ഒടുവിൽ മിഡിൽ ഈസ്റ്റിലേക്ക് രണ്ട് വിമാനവാഹിനിക്കപ്പലുകൾ അയക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയാണ്,” ട്രംപ് കുറിച്ചു. “അത് കുഴപ്പമില്ല പ്രധാനമന്ത്രി സ്റ്റാർമർ, ഞങ്ങൾക്ക് ഇനി അവയുടെ ആവശ്യമില്ല — പക്ഷെ ഞങ്ങൾ ഇത് ഓർത്തു വെക്കും. യുദ്ധം ജയിച്ചുകഴിഞ്ഞതിന് ശേഷം വന്ന് കൂടെക്കൂടുന്നവരെയല്ല ഞങ്ങൾക്ക് വേണ്ടത്” എന്നും ട്രംപ് പറയുന്നു.