‘യുദ്ധം ഒരു വീഡിയോ ഗെയിമല്ല’ വാർത്തകളിൽ സത്യസന്ധത ഉറപ്പുവരുത്തണമെന്ന് ലെയോ പാപ്പ
Mar 17, 2026, 19:00 IST
യുദ്ധവാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമപ്രവർത്തകർ അതീവ ജാഗ്രത പാലിക്കണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു. യുദ്ധത്തെ ഒരു വീഡിയോ ഗെയിം പോലെ ചെറുതായി കാണരുതെന്നും പ്രചരണങ്ങളുടെ ഭാഗമാകാതെ കാര്യങ്ങളുടെ ഗൗരവത്തെ മനസ്സിലാക്കി പെരുമാറണമെന്നും പാപ്പ ഓർമ്മിപ്പിച്ചു.
യുദ്ധത്തിന്റെ യഥാർഥ മുഖം ഇരകളിലൂടെയും ദുരിതമനുഭവിക്കുന്ന ജനങ്ങളിലൂടെയുമാണ് ലോകം അറിയേണ്ടത്. മാനുഷിക പരിഗണനകൾക്ക് അവിടെ മുൻഗണന നൽകണം. എ ഐ പോലുള്ള സാങ്കേതിക മുന്നേറ്റങ്ങൾ എത്രയുണ്ടായാലും മനുഷ്യന്റെ ചിന്തയെ മാറ്റിസ്ഥാപിക്കാൻ അവയ്ക്ക് കഴിയില്ലായെന്നും പാപ്പ വ്യക്തമാക്കി.
സ്വന്തം അഭിപ്രായങ്ങളെ ശരിവെക്കുന്ന കാര്യങ്ങൾ മാത്രം കേൾക്കാനും കാണാനുമുള്ള പ്രവണത ഉപേക്ഷിക്കണം. മുൻവിധികൾ ഇല്ലാതെ യാഥാർഥ്യങ്ങളെ നേരിടാൻ മാധ്യമപ്രവർത്തകർക്ക് സാധിക്കണം എന്നും പാപ്പ പറഞ്ഞു.