വി.എസ്; നിലപാടുകള്‍ പോലെ ജീവിതചിട്ടയിലും കാര്‍ക്കശ്യക്കാരൻ

തിരുവനന്തപുരം: നിലപാടുകള്‍ പോലെ തന്നെയായിരുന്നു വി.എസിന് ജീവിതചിട്ടയും. ഭക്ഷണത്തിലും വ്യായാമത്തിലുമെല്ലാം കാര്‍ക്കശ്യക്കാരനായിരുന്നു. ആരോഗ്യമുള്ള അവസാന കാലം വരെയും എത്ര വലിയ തിരക്കുണ്ടെങ്കിലും വ്യായാമത്തിനും യോഗക്കും മുടക്കം വരുത്താതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു.
നടത്തമാണ് വി.എസിന്‍റെ കരുത്ത്. തൊണ്ണൂറ് കഴിഞ്ഞിട്ടും മുപ്പത്തിന്‍റെ ചെറുപ്പം കാത്ത് സൂക്ഷിക്കുന്നതില്‍ ഈ നടത്തത്തിന് വലിയ പങ്കുണ്ടെന്ന് വി.എസിന്‍റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. രാവിലെ നാല് മണിക്ക് ഉണരും. ഒരു ഗ്ലാസ് കരിക്കിന്‍ വെള്ളം. ഒരു മണിക്കൂര്‍ നടത്തം. പത്രവായന, കുളി, യോഗ. ശേഷം പ്രാതല്‍. വ്യായാമത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല ഭക്ഷണത്തിലും കൃത്യമായ രാഷ്ട്രീയം പുലര്‍ത്തുന്നയാളാണ് വി.എസ്.
ദുര്‍മേദസ്സുണ്ടാക്കുന്ന എല്ലാത്തരം ഭക്ഷണങ്ങളും വേലിക്ക് പുറത്ത് നിര്‍ത്താന്‍ നിതാന്തശ്രദ്ധ പുലര്‍ത്തിയിരുന്നു. എത്ര ഇഷ്ടപ്പെട്ട ഭക്ഷണമാണെങ്കിലും കൃത്യമായ അളവില്‍ മാത്രമേ വി.എസ് കഴിക്കാറുള്ളൂ. ഇഡ്ഡലിയായാലും ദോശയായാലും രണ്ടെണ്ണത്തില്‍ കൂടുതല്‍ കഴിക്കാറില്ല. ഉച്ചഭക്ഷണം കൃത്യം ഒരുമണിക്ക്. പച്ചക്കറിയാണ് ഏറെ ഇഷ്ടവിഭവം.
രാവിലെ 11നും വൈകുന്നേരം അഞ്ചിനും ഓരോ ഗ്ലാസ് കരിക്കിന്‍വെള്ളം. വൈകീട്ട് രണ്ട് കഷണം പപ്പായ. ശേഷം ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസ്. ഇതൊക്കെയാണ് മെനു. എണ്ണ, ഉപ്പ് എന്നിവക്ക് വി.എസിന്റെ പാത്രത്തില്‍ സ്ഥാനം കുറവാണ്. അതുകൊണ്ട് തന്നെ പ്രായാധിക്യത്തിന്‍റെ ബുദ്ധിമുട്ടുകള്‍ക്കിടയിലും കാര്യമായ അസുഖങ്ങളൊന്നും ഈ ശരീരത്തെ പിടികൂടാത്തത്.
പതിറ്റാണ്ടുകളോളം കേരളത്തിന്‍റെ രാഷ്ട്രീയമേഖലയിലെ സജീവ സാന്നിധ്യമായ വി.എസിന്‍റെ ജീവിത രീതിയില്‍ നിന്നും പഠിക്കാന്‍ ഒരുപാടുണ്ട്.