വി.എസ് കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ വരുംകാലങ്ങളിൽ ഓർമിക്കപ്പെടും: പ്രിയങ്കാ ഗാന്ധി

ന്യൂഡൽഹി: വി.എസ് കേരളത്തിനും രാജ്യത്തിനും നൽകിയ സംഭാവനകൾ വരുംകാലങ്ങളിൽ ഓർമിക്കപ്പെടുമെന്ന് പ്രിയങ്കാ ഗാന്ധി. കുടുംബത്തെയും വി.എസിന്റെ ജീവിതം സ്പർശിച്ച എല്ലാവരെയും അനുശോചനം അറിയിക്കുന്നുവെന്ന് പ്രിയങ്കാ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.
വി.എസിന്റെ വിയോഗത്തിൽ കോൺഗ്രസ് നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. കരുത്തനായ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരുന്നു വി.എസ് എന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. വി.എസിന്റെ വിയോഗം കേരളത്തിന് നഷ്ടമാണെന്നും രാഷ്ട്രീയ എതിർപ്പുള്ളപ്പോഴും വി.എസ് സൂക്ഷിച്ചത് വ്യക്തിപരമായ ബന്ധമാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
കുട്ടിക്കാലം മുതൽ അറിയാവുന്ന നേതാവായിരുന്നു വി.എസെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിലപാടുകളിൽ കാർക്കശ്യം. പരുക്കനെന്ന് തോന്നുമ്പോഴും മനസ് ശുദ്ധം. വ്യത്യസ്തനായ നേതാവാണ് വി.എസ്. വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.