ക്രിസ്മസ് ആഘോഷത്തിനിടെ ബി.ജെ.പി നേതാവ് കാഴ്ചയില്ലാത്ത യുവതിയെ കൈ​യേറ്റം ചെയ്തു; അക്രമം മതംമാറ്റുന്നതായി ആരോപിച്ച്

 
33444

ജബൽപൂർ (മധ്യപ്രദേശ്): മതംമാറ്റം നടത്തു​ന്നുവെന്നാരോപിച്ച് ക്രിസ്മസ് ആഘോഷത്തിനിടെ കാഴ്ച പരിമിതിയുള്ള യുവതിയെ ബി.ജെ.പി വനിത നേതാവ് കൈയേറ്റം ചെയ്തു. പൊലീസ് നോക്കിനിൽക്കെയാണ് അതിക്രമം. മധ്യപ്രദേശിലെ ജബൽപൂരിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ തിങ്കഴാഴ്ചയാണ് പുറത്തുവന്നത്.

ഗൊരഖ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഹവാ ബാഗിലെ ക്രിസ്ത്യൻ ആരാധനാലയത്തിൽ ശനിയാഴ്ചയാണ് അതിക്രമം നടന്നത്. ബി.ജെ.പി ജബൽപൂർ ജില്ല വൈസ് പ്രസിഡന്റ് അഞ്ജു ഭാർഗവ ആൾക്കൂട്ടത്തിന് നടുവിൽവെച്ച് യുവതി​യെ കൈയേറ്റം ചെയ്യുകയായിരുന്നു. യുവതിയെ ചീത്തവിളിക്കുകയും കൈ പിടിച്ച് തിരിക്കുകയും മുഖത്ത് കുത്തിപ്പിടിക്കുകയും ചെയ്യുന്നത് കോൺഗ്രസ് ദേശീയ ചെയർപേഴ്സൺ കൂടിയായ സുപ്രിയ ശ്രീനാഥെ എക്സിൽ പങ്കുവച്ച ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊലീസുകാർ അടക്കമുള്ളവർ സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നു.

കാഴ്ചപരിമിതിയുള്ള കുട്ടികൾക്കായി ചർച്ചിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് അക്രമം. പണം കിട്ടാനായി മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ചാണ് ബി.ജെ.പി നേതാവ് ഇവർക്കെതി​രെ തിരിഞ്ഞത്. ഉപദ്രവിക്കാതെ സംസാരിക്കണമെന്ന് യുവതി ഇവരോട് ആവശ്യപ്പെടുന്നുണ്ട്. അടുത്ത ജന്മത്തിലും താൻ കാഴ്ചാപരിമിതി നേരിടുമെന്നതടക്കം അഞ്ജുഭാർഗവ പറയുന്നത് വിഡിയോയിൽ കേൾക്കാം. മതപരിവർത്തനം ലക്ഷ്യമിട്ടാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് ആരോപിച്ച് ബിജെപി നേതാക്കളും ഹിന്ദുത്വ സംഘടനകളും പരിപാടിക്കെതി​രെ രംഗത്തെത്തിയിരുന്നു.

Tags

Share this story

From Around the Web