മെക്സിക്കോയിൽ അക്രമം പടരുന്നു; സമാധാനത്തിനും സംയമനത്തിനും ആഹ്വാനം ചെയ്ത് ബിഷപ്പുമാർ

 
MEXICO

മെക്സിക്കോയിലെ പ്രമുഖ ലഹരിമരുന്ന് മാഫിയാതലവൻ സൈനിക നടപടിയിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമം പടരുന്ന സാഹചര്യത്തിൽ, സമാധാനത്തിനും സംയമനത്തിനുമായി ആഹ്വാനം ചെയ്ത് മെക്സിക്കൻ ബിഷപ്പുമാരുടെ സമിതി (CEM). ഫെബ്രുവരി 22 നു പുറത്തിറക്കിയ പ്രത്യേക സന്ദേശത്തിലൂടെയാണ് ബിഷപ്പുമാർ വിശ്വാസികളോടും പൊതുജനങ്ങളോടും ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടത്.

ജാലിസ്കോ സംസ്ഥാനത്ത് നടന്ന സൈനികനീക്കത്തിൽ പ്രമുഖ കാർട്ടൽ തലവൻ കൊല്ലപ്പെട്ടതിനു പിന്നാലെ പലയിടങ്ങളിലും വാഹനങ്ങൾക്ക് തീയിടുകയും റോഡുകൾ തടസ്സപ്പെടുത്തുകയും ചെയ്യുന്ന രീതിയിലുള്ള അക്രമങ്ങൾ അരങ്ങേറി. ഈ പശ്ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷയിൽ ബിഷപ്പുമാർ വലിയ ആശങ്ക പ്രകടിപ്പിച്ചു.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് വിശ്വാസികൾ അതീവജാഗ്രത പാലിക്കണമെന്നും അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നും ബിഷപ്പുമാർ നിർദേശിച്ചു. പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ ദൈവത്തിന്റെ സംരക്ഷണം തേടി പ്രാർഥിക്കാനും അവർ ആഹ്വാനം ചെയ്തു. സർക്കാർ നൽകുന്ന സുരക്ഷാനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അക്രമബാധിത പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും സന്ദേശത്തിൽ പറയുന്നു.

മെക്സിക്കോയുടെ സംരക്ഷകയായ ഗ്വാഡലൂപ്പ മാതാവിന്റെ പക്കൽ രാജ്യത്തെ സമാധാനത്തിനായി അപേക്ഷിക്കാൻ അവർ വിശ്വാസികളോട് ആവശ്യപ്പെട്ടു. വർഷങ്ങളായി മെക്സിക്കോയെ വേട്ടയാടുന്ന ലഹരിമരുന്ന് മാഫിയാ അക്രമങ്ങൾക്കും തട്ടിക്കൊണ്ടുപോകലുകൾക്കുമെതിരെ ശക്തമായ നിലപാടാണ് സഭ സ്വീകരിച്ചുവരുന്നത്. അടുത്തിടെ നടന്ന ‘നാഷണൽ ഡയലോഗ് ഫോർ പീസ്’ എന്ന സംരംഭത്തിലൂടെ രാഷ്ട്രീയനേതാക്കളോടും സാമൂഹികപ്രവർത്തകരോടും സമാധാനത്തിനായുള്ള ചർച്ചകളിൽ പങ്കുചേരാൻ ബിഷപ്പുമാർ ആവശ്യപ്പെട്ടിരുന്നു.

അക്രമം പടരുന്നത് തടയാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റ് ബിഷപ്പ് റാമോൺ കാസ്ട്രോ ആവശ്യപ്പെട്ടു. സമാധാനത്തിനായുള്ള ഈ ആഹ്വാനം രാജ്യത്തുടനീളമുള്ള ദൈവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളോടെ ആചരിക്കുകയാണ്.

Tags

Share this story

From Around the Web