പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റച്ചട്ട ലംഘനം; തെരഞ്ഞെടുപ്പ് കമ്മിഷന് കോൺ​ഗ്രസിന്റെ പരാതി

 
modi

തൃശ്ശൂർ: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ലംഘിച്ചെന്ന് പരാതി. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നാണ് കോൺ​ഗ്രസിന്റെ പരാതി. കോൺഗ്രസ് നേതാവും എഐസിസി അംഗവുമായ അനിൽ അക്കരയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സമയത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംവിധാനങ്ങൾ ഉപയോഗിച്ച് രാഷ്ട്രീയ പ്രചാരണം ഉൾപ്പെടെ നടത്തിയെന്ന് പരാതിയിൽ പറയുന്നു. ഔദ്യോഗിക പ്ലാറ്റ്ഫോം രാഷ്ട്രീയ എതിരാളികളെ ആക്രമിക്കാൻ പ്രധാനമന്ത്രി ദുരുപയോഗം ചെയ്തു. രാഷ്ട്രീയ പരമായ വിമർശനങ്ങൾ ഉന്നയിച്ചുവെന്നും പരാതിയിൽ പറയുന്നു.

തന്റെ ഔദ്യോഗിക പ്രസംഗം പ്രധാനമന്ത്രി രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തുവെന്നും പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ആരോപിച്ചിരുന്നു. പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ കോൺഗ്രസിനെ 59 തവണ പരാമർശിച്ചുവെന്നും എന്നാൽ, സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് കാര്യമായി സംസാരിച്ചില്ലെന്നും ഖാർഗെ കുറ്റപ്പെടുത്തി. ദൂരദർശനിലൂടെയാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസം​ഗത്തെ കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശും വിമർശിച്ചു. ഒരു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് ആ പദവിയുടെ അന്തസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. പക്ഷപാതമില്ലാതെ രാജ്യത്തിന്റെ ദൃഢനിശ്ചയവും ആത്മവിശ്വാസവും ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.

എന്നാൽ ഇന്നലത്തെ നിരാശാജനകവും പൂർണ്ണമായും പക്ഷപാതപരവുമായ പ്രസംഗം രാഷ്ട്രത്തോടുള്ള പ്രസംഗത്തേക്കാൾ "നിരാശ നിറഞ്ഞ പ്രസംഗം" എന്നു പറയുന്നതാകും ഉചിതം. പ്രധാനമന്ത്രി ലോക്‌സഭയിൽ ചെയ്യാൻ ശ്രമിച്ചത് നമ്മുടെ ജനാധിപത്യത്തെയും ഫെഡറൽ ഘടനയെയും ദുർബലപ്പെടുത്തുകയായിരുന്നുവെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി.

Tags

Share this story

From Around the Web