ആറ് മാസങ്ങൾക്ക് ശേഷം വിനോദിനി തിരികെ സ്കൂളിലേക്ക്; ഒൻപത് വയസുകാരിക്ക് കൃത്രിമ കൈ വയ്ക്കാൻ താങ്ങായത് പ്രതിപക്ഷ നേതാവ്
പാലക്കാട്: വിനോദിനി ഇനി സന്തോഷത്തോടെ സ്‌കൂളിലേക്ക്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്ന് വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന ഒൻപതുവയസുകാരി വിനോദിനി ആറ് മാസങ്ങൾക്ക് ശേഷം ഇന്ന് മുതൽ വീണ്ടും സ്‌കൂളിലേക്ക് പോകും.
വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ വീണു കയ്യിൽ പരുക്കേറ്റ ഒൻപതു വയസുകാരി വിനോദിനിക്ക് ജില്ലാ ആശുപത്രിയിലെ ചികിത്സപ്പിഴവുമൂലമാണ് പിന്നീട് കൈ മുറിച്ചു മാറ്റേണ്ടി വന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് കൃത്രിമ കൈവയ്ക്കാൻ താങ്ങായത്.
വലതുകൈ പൊട്ടിയനിലയിൽ കഴിഞ്ഞ ഓഗസ്റ്റ് 24ന് ആയിരുന്നു വിനോദിനി എന്ന കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ആ സമയത്ത് കുട്ടിയുടെ രക്തയോട്ടത്തിന് പ്രശ്നമുണ്ടായിരുന്നില്ല. കൈക്ക് പ്ലാസ്റ്റർ ഇട്ട് കുട്ടിയെ വീട്ടിലേക്ക് അയക്കുകയും ചെയ്തു. പ്രത്യേകിച്ച് പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ പ്ലാസ്റ്റർ എടുക്കാൻ അഞ്ച് ദിവസം കഴിഞ്ഞ് വരാനും നിർദേശം നൽകി.
30ാം തീയതി ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിയുടെ കൈ നീര് വച്ചിരുന്നു. കൂടാതെ രക്തയോട്ടം നിലച്ച അവസ്ഥയിലും ആയിരുന്നു. ഇതിനെത്തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. കുട്ടിയുടെ കൈയിലെ രക്ത പ്രവാഹം നിലച്ചതും കൈയിൽ പഴുപ്പും വന്നതുകാരണം കുട്ടിയുടെ കൈ മുറിച്ച് മാറ്റേണ്ടിവരികയായിരുന്നു.