വിജയ്‌യെ പിന്തുണയ്ക്കാൻ ഉപമുഖ്യമന്ത്രി പദം വേണം; വിസികെയുടെ കടുത്ത ഉപാധികളിൽ ടിവികെ പ്രതിരോധത്തിൽ
 

 
vijay

ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണരൂപീകരണത്തിന് കേവലഭൂരിപക്ഷം തികയ്ക്കാൻ പെടാപ്പാട് പെടുന്ന വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് മുന്നിൽ കടുത്ത നിബന്ധനകളുമായി വിടുതലൈ ചിരുതൈകൾ കക്ഷി (VCK). സഖ്യത്തിനായി അഞ്ച് പ്രധാന ആവശ്യങ്ങളാണ് തോൾ തിരുമാവളവൻ മുന്നോട്ടുവെച്ചിരിക്കുന്നത്. രണ്ട് സീറ്റുകൾ മാത്രമുള്ള വിസികെ നിലപാട് കടുപ്പിച്ചത് വിജയ് ക്യാമ്പിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

വിസികെ അധ്യക്ഷൻ തോൾ തിരുമാവളവന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകണം. ദളിത് പ്രാതിനിധ്യം ഭരണത്തിന്റെ ഉന്നതതലത്തിൽ ഉറപ്പാക്കുകയാണ് ലക്ഷ്യം. പാർട്ടിയുടെ നിലവിലെ രണ്ട് എം.എൽ.എമാരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തണം. വിജയ് മത്സരിച്ച് വിജയിച്ച മണ്ഡലങ്ങളിൽ ഒന്നായ തിരുച്ചി ഈസ്റ്റ് വിസികെയ്ക്ക് വിട്ടുനൽകണം. തിരുമാവളവൻ പാർലമെന്റ് അംഗത്വം രാജിവെക്കുന്നതോടെ ചിദംബരം ലോക്‌സഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വിസികെ സ്ഥാനാർത്ഥിയെ ടി.വി.കെ പിന്തുണയ്ക്കണം.

സർക്കാരിന്റെ നയരൂപീകരണത്തിൽ വിസികെയുടെ താല്പര്യങ്ങൾ കൂടി ഉൾപ്പെടുത്തി സുതാര്യമായ പൊതുമിനിമം പരിപാടി നടപ്പിലാക്കണം. കേവലഭൂരിപക്ഷത്തിന് ഏതാനും സീറ്റുകളുടെ മാത്രം കുറവുള്ള വിജയ്‌ക്ക് വിസികെയുടെ രണ്ട് അംഗങ്ങളുടെ പിന്തുണ അനിവാര്യമാണ്. കോൺഗ്രസും ഇടതുപക്ഷവും ഇതിനോടകം ടി.വി.കെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിസികെ കൂടി ഒപ്പം ചേർന്നാൽ വിജയ്‌ക്ക് സുഗമമായി സർക്കാർ രൂപീകരിക്കാൻ സാധിക്കും. എന്നാൽ, ഉപമുഖ്യമന്ത്രി പദമടക്കമുള്ള ആവശ്യങ്ങൾ വിജയ് അംഗീകരിക്കുമോ എന്നതാണ് തമിഴകം ഉറ്റുനോക്കുന്നത്.

തിരുമാവളവന്റെ ഈ നീക്കം ദളിത് രാഷ്ട്രീയത്തിന് ഭരണത്തിൽ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കാനുള്ള തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്.

Tags

Share this story

From Around the Web