ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബർ 9ന്; പത്രിക സമർപ്പണം ഓഗസ്റ്റ് 7 മുതൽ 21 വരെ
Aug 1, 2025, 13:32 IST

ഇന്ത്യൻ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 9നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. ഓഗസ്റ്റ് 7 മുതൽ 21 വരെയാണ് നാമനിർദേശ പത്രിക സമർപ്പണത്തിനുള്ള കാലവധി. തെരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ഭരണഘടനയുടെ 324ാം വകുപ്പ് പ്രകാരം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ചുമതല തെരഞ്ഞെടുപ്പ് കമ്മിഷനാണ്.
ജഗ്ദീപ് ധൻകർ രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടികളുടെ ഭാഗമായി റിട്ടേണിങ് ഓഫിസർ, അസി. റിട്ടേണിങ് ഓഫിസർമാരെ എന്നിവരെ നിയമിച്ചിരുന്നു. രാജ്യസഭാ സെക്രട്ടേറിയറ്റ് ജോയിന്റ് സെക്രട്ടറി ഗരിമ ജെയിൻ, ഡയറക്ടർ വിജയ് കുമാർ എന്നിവരാണ് എആർഒമാർ.