രാജീവ് ബജ്‌റംഗ്ദളിനെ തള്ളുന്നത് അറിവില്ലായ്മയെന്ന് വിഎച്ച്പി, ക്രിപ്‌റ്റോ ക്രിസ്ത്യൻസ് വ്യാപകമെന്ന് ആർ വി ബാബു

കൊച്ചി: മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബിജെപിയെ തള്ളി തീവ്ര വലതുപക്ഷ സംഘടനകളായ വിശ്വ ഹിന്ദു പരിഷത്തും ഹിന്ദു ഐക്യവേദിയും. അറസ്റ്റിലായ കന്യാസ്ത്രീകള്‍ തെറ്റുകാരല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് എങ്ങനെ പറയാന്‍ കഴിയുമെന്ന് വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വി ജി തമ്പി ചോദിച്ചു.
നിയമപരമായ കാര്യത്തില്‍ എങ്ങനെയാണ് തീര്‍പ്പിലെത്താന്‍ കഴിയുക. അങ്ങനെയാണെങ്കില്‍ കോടതിയുടെ ആവശ്യം എന്താണ്? അറിവില്ലായ്മ കാരണമാണ് രാജീവ് ചന്ദ്രശേഖര്‍ ബജ്‌റംഗ്ദളിനെ തള്ളുന്നതെന്നും വി ജി തമ്പി പറഞ്ഞു.
ഏജന്റ് വഴിയാണ് പെണ്‍കുട്ടികള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. വനവാസ മേഖലയില്‍ നിന്ന് കന്യാസ്ത്രീകളുടെ അടുത്തേക്ക് കൊണ്ടുവന്നതാണ്. കന്യാസ്ത്രീകള്‍ ആഗ്രയില്‍ നിന്നും അവിടെയെത്തി. മീറ്റിംഗ് പോയിന്റായിരുന്നു റെയില്‍വേസ്റ്റേഷന്‍ എന്നും വി ജി തമ്പി പറഞ്ഞു.
ഹൈന്ദവരെ മതം മാറ്റുന്നുവെന്ന ആശങ്ക ഹിന്ദു സംഘടനകള്‍ക്കുണ്ടെന്നും കന്യാസ്ത്രീകള്‍ കുറ്റക്കാരാണോയെന്ന് തെളിയിക്കേണ്ടതുണ്ടെന്നും ഹിന്ദു ഐക്യവേദി അധ്യക്ഷന്‍ ആര്‍ വി ബാബുവും പ്രതികരിച്ചു.
'സര്‍ക്കാരിന് പോലും കയറാനാകാത്ത മാവോയിസ്റ്റ് മേഖലയില്‍ ക്രൈസ്തവര്‍ക്ക് പ്രവേശനമുണ്ട്. പ്രശ്‌നത്തെ ക്രൈസ്തവസഭ അവധാനതയോടെയല്ല സമീപിച്ചത്. ക്രൈസ്തവ സഭകള്‍ വ്യാപകമായി മതപരിവര്‍ത്തനം നടത്തുന്നു.
ക്രിപ്‌റ്റോ ക്രിസ്ത്യന്‍സ് ഇന്ത്യയില്‍ വ്യാപകമാണ്. ആനുകൂല്യങ്ങള്‍ക്കായി രേഖകളില്‍ മതം മാറ്റമില്ല. ജനസംഖ്യയുടെ കാര്യത്തില്‍ സഭ പറയുന്നത് കള്ളക്കണക്കാണ്. രാജ്യത്ത് ക്രൈസ്തവ ജനസംഖ്യ 10 ശതമാനമാണെന്നും ആര്‍ വി ബാബു പറഞ്ഞു.
കേരള ബിജെപി സ്വീകരിക്കുന്നത് രാഷ്ട്രീയ നിലപാടാണ്. ബിജെപി നിലപാടിനോട് ഹിന്ദു ഐക്യവേദിക്ക് യോജിപ്പില്ല. ഛത്തീസ്ഗഢിലെ പൊലീസും സര്‍ക്കാരും നിയമപരമായാണ് പ്രവര്‍ത്തിച്ചത്.
ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയും കര്‍ദിനാള്‍ മാര്‍ ക്ലിമീസും സ്പര്‍ദ്ദയുണ്ടാക്കുന്നു. സഭ നടത്തുന്നത് അപസ്മാരസദൃശ്യമായ പ്രതിഷേധമാണെന്നും ആര്‍ വി ബാബു പറഞ്ഞു.