‘വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കപ്പെടണം’; അമേരിക്കന്‍ അട്ടിമറിയില്‍ ആശങ്ക രേഖപ്പെടുത്തി മാര്‍പാപ്പ
വെനസ്വേലയിലെ അമേരിക്കന്‍ അട്ടിമറിയില്‍ കടുത്ത ആശങ്കയുണ്ടെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. വെനസ്വേലന്‍ ജനതയുടെ നന്മ സംരക്ഷിക്കപ്പെടണമെന്നും രാഷ്ട്രത്തിന്റെ പരമാധികാരം സംരക്ഷിക്കപ്പെടണമെന്നും മാര്‍പാപ്പ പറഞ്ഞു.
അക്രമത്തിന്റെ പാത വെടിഞ്ഞ് നീതിയുടേയും സമാധാനത്തിന്റേയും വഴികളിലേക്ക് തിരിയുന്നതില്‍ കാലതാമസമുണ്ടാകരുതെന്നും സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ട്രംപിന്റെ ചില നയങ്ങളെ മുന്‍പും വിമര്‍ശിച്ചിട്ടുള്ള ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഇപ്പോഴത്തെ സ്ഥിതിഗതികളില്‍ തനിക്കുള്ള കടുത്ത ആശങ്കയും ഇന്ന് രേഖപ്പെടുത്തി. സൈനികമായ ബലപ്രയോഗത്തിലൂടെ മഡുറോയെ പുറത്താക്കരുതെന്ന് മുമ്പും മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു. വെനസ്വേലന്‍ ജനതയുടെ നന്മയും ക്ഷേമവുമാണ് മറ്റെല്ലാത്തിനേക്കാളും ആദ്യം പരിഗണിക്കേണ്ടതെന്നും അതില്‍ വിട്ടുവീഴ്ച വരുത്തരുതെന്നും മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു.
വെനസ്വേലയിലെ അമേരിക്കന്‍ അട്ടിമറിയില്‍ ഇന്ത്യയും കനത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചിരുന്നു. വെനസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യ പിന്തുണ ഉറപ്പിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.