വെനിസ്വേലയുടെ ആദ്യ വിശുദ്ധൻ; ‘പാവങ്ങളുടെ ഡോക്ടർ’ ജോസ് ഹെർണാണ്ടസിനെ വിശുദ്ധനായി പ്രഖ്യാപിച്ച് മാർപാപ്പ

വത്തിക്കാൻ സിറ്റി: വെനിസ്വേലയിലെ ആദ്യ വിശുദ്ധനായി ” പാവങ്ങളുടെ ഡോക്ടർ” എന്ന് അറിയപ്പെട്ടിരുന്ന ജോസ് ഗ്രിഗോറിയോ ഹെർണാണ്ടസ്. ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന തിരുനാളിലാണ് ലിയോ പതിനാലാമൻ മാർപാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്.
ഇതോടെ വെനിസ്വേലയ്ക്ക് ആദ്യമായി ഒരു കത്തോലിക്കാ വിശുദ്ധനെ ലഭിച്ചിരിക്കുകയാണ്. വെനിസ്വേലയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും യുഎസുമായുള്ള പുതിയ ഉത്ക്കണ്ഠകൾ നില നിൽക്കുന്ന കടുത്ത സാഹചര്യത്തിനിടയിലുമാണ് ഈ ഭക്തിസാന്ദ്രമായതും സന്തോഷത്തിന്റെയും നിമിഷം ഉണ്ടായിരിക്കുന്നത്.
1800കളിലെയും 1900കളിലെയും വെനിസ്വേലയിലെ കറാക്കസിൽ പ്രവർത്തിച്ച ഒരു ഡോക്ടർ ആയിരുന്നു ജോസ് ഹെർണാണ്ടസ്. പാവപ്പെട്ടവരിൽ നിന്നു ഒരു പൈസ പോലും വാങ്ങാതെ ചികിത്സ നൽകി, ചിലപ്പോഴൊക്കെ മരുന്നിന് പണവും നൽകി.
അതുകൊണ്ട് ഏവരും അദ്ദേഹത്തെ “ പാവങ്ങളുടെ ഡോക്ടർ” എന്നു വിളിച്ചു. 1919-ൽ ഒരു പാവപ്പെട്ട സ്ത്രീക്കായി മരുന്ന് വാങ്ങിയ ശേഷം വഴിയിൽ കാൽനടയായി നടന്ന് പോകുമ്പോഴായിരുന്നു വാഹനം ഇടിച്ച് അദ്ദേഹം മരിച്ചത്. പിന്നീട് അദ്ദേഹത്തെ ഒരു മത പ്രതീകമായി ഏവരും കാണാൻ തുടങ്ങി.
1996-ൽ ജോൺ പോൾ മാർപാപ്പ വെനിസ്വേലയിലെത്തിയപ്പോൾ, ഹെർണാണ്ടസിനെ വിശുദ്ധനാക്കണമെന്നാവശ്യപ്പെട്ട് 50 ലക്ഷം പേരുടെ ഒപ്പുള്ള ഒരു അപേക്ഷ അദ്ദേഹത്തിന് കൈമാറിയിരുന്നു. ഫ്രാൻസിസ് മാർപാപ്പ തന്റെ പാപ്പായിക കാലത്തെ അവസാനഘട്ടങ്ങളിൽ ഹെർണാണ്ടസിനെ വിശുദ്ധനാക്കാനുള്ള അനുമതി ആശുപത്രിയിലിരുന്നുകൊണ്ട് ഒപ്പുവെച്ചിരുന്നു. വിശ്വാസികളിൽ ഉള്ള വ്യാപക ആരാധന അടിസ്ഥാനമാക്കി പതിവായി വേണ്ടിവരുന്ന അത്ഭുതം സ്ഥിരീകരിക്കേണ്ട നടപടിക്രമം ഒഴിവാക്കിയായിരുന്നു നടപടി.
സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ചടങ്ങിൽ ഏകദേശം 70,000 പേർ പങ്കെടുത്തു. കറാക്കസിലും മറ്റ് നഗരങ്ങളിലും സ്ക്രീനുകൾ വഴിയും ആളുകൾ ചടങ്ങ് തത്സമയത്തിൽ കാണുകയും ആഘോഷിക്കുകയും ചെയ്തു. ഹെർണാണ്ടസിനൊപ്പം വെനിസ്വേലയിലെ മാതാ കാർമെൻ റെൻഡിലസ്, പാപ്പുവ ന്യൂ ഗിനിയയിലെ പീറ്റർ ടോ റോട്ട്, ആർമേനിയൻ കത്തോലിക്കനായ ആർച്ച്ബിഷപ്പ് മലോയാൻ, ഇറ്റാലിയൻ മിഷണറിമാർ ഉൾപ്പെടെ ഏഴ് പേരെയാണ് ഈ ചടങ്ങിൽ മാർപാപ്പ വിശുദ്ധന്മാരായി പ്രഖ്യാപിച്ചത്.