കർദിനാൾ പൊറാസിന്റെ പാസ്‌പോർട്ട് പിടിച്ചെടുത്ത് വെനസ്വേലയിലെ അധികൃതർ
വിദേശയാത്രക്കായി വിമാനത്താവളത്തിൽ എത്തിയ വെനസ്വേലയിലെ കർദിനാൾ ബാൾട്ടസർ പൊറാസ് കാർഡോസോയുടെ പാസ്‌പോർട്ട് അധികൃതർ പിടിച്ചെടുത്തു. പൗരൻമാർക്കുള്ള അവകാശങ്ങളുടെ ലംഘനമാണിതെന്ന് കർദിനാൾ പ്രതിഷേധിച്ചു. ഡിസംബർ പത്തിനാണ് 81 വയസ്സുകാരനായ കർദിനാൾ പൊറാസിന്റെ യാത്ര വിമാനത്താവളത്തിൽ വച്ച് തടഞ്ഞത്.
സ്പെയിനിലെ സഭാപരമായ പരിപാടികൾക്കായി പോകാനൊരുങ്ങുകയായിരുന്നു കർദിനാൾ. പാസ്‌പോർട്ടിൽ എന്തോ പ്രശ്‌നമുണ്ടെന്നും ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായി കർദിനാൾ വെനസ്വേലൻ ബിഷപ്‌സ് കോൺഫറൻസിന് അയച്ച സന്ദേശത്തിൽ അറിയിച്ചു. രണ്ട് മണിക്കൂറോളം തടഞ്ഞുവച്ച ശേഷം പാസ്‌പോർട്ട് ലഭിക്കാതെ അദ്ദേഹത്തിന് തിരിച്ചു മടങ്ങേണ്ടിവന്നു.
ഇത്തരം സംഭവങ്ങൾ ഇപ്പോൾ സാധാരണമായിരിക്കുന്നുവെന്ന് കർദിനാൾ ചൂണ്ടിക്കാട്ടി. മുൻപ് രണ്ടുതവണ ഇമിഗ്രേഷനിൽ വച്ച് താൻ മരിച്ചവരുടെ ലിസ്റ്റിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. സംഭവത്തിൽ വെനസ്വേലൻ ബിഷപ്‌സ് കോൺഫറൻസ് ആശങ്ക രേഖപ്പെടുത്തുകയും സർക്കാരിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.
കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര നേതാക്കളും ഈ നടപടിയെ വിമർശിച്ചു. അമേരിക്കയും വെനസ്വേലയും തമ്മിൽ ഉയർന്നുവരുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലാണ് ഈ സംഭവം എന്നതും ശ്രദ്ധേയമാണ്