"വെനസ്വേല മുട്ടുകുത്തുന്നത് പ്രാർത്ഥനയ്ക്കായി മാത്രം"; ജനങ്ങളോട് ശാന്തത പാലിക്കാൻ ബിഷപ്പിന്റെ ആഹ്വാനം
കാരക്കാസ്: ആയുധങ്ങളേക്കാൾ പ്രാർത്ഥനയ്ക്കും ശാന്തിക്കും ശക്തിയുള്ള നിമിഷമാണിതെന്ന് വെനസ്വേലയിലെ വിശ്വാസികളെ ഓർമ്മിപ്പിച്ച് പെറ്റാരെ ബിഷപ്പ് ജുവാൻ കാർലോസ് ബ്രാവോ സലാസർ. നിക്കോളാസ് മഡൂറോ അമേരിക്കൻ കസ്റ്റഡിയിലായതിന് പിന്നാലെ രാജ്യത്ത് ഉടലെടുത്ത കടുത്ത അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിലാണ് ബിഷപ്പിന്റെ വികാരനിർഭരമായ ഈ സന്ദേശം.
രാജ്യം ഒരു വഴിത്തിരിവിലാണെന്നും എന്നാൽ ഈ മാറ്റം അക്രമങ്ങളിലേക്ക് വഴിമാറരുതെന്നും ബിഷപ്പ് ജുവാൻ കാർലോസ് ഓർമ്മിപ്പിച്ചു. "ആരും തന്നെ പ്രതിഷേധങ്ങൾക്കായി തെരുവിലിറങ്ങരുത്. ജനങ്ങളുടെ ജീവനാണ് പ്രധാനം. ഈ ചരിത്രപരമായ നിമിഷത്തെ ഉൾക്കൊള്ളാൻ ശാന്തമായ മനസുണ്ടാകണം.
വെനസ്വേലയിൽ എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാകാത്ത സാഹചര്യത്തിൽ വ്യാജ വാർത്തകൾക്കും അഭ്യൂഹങ്ങൾക്കും പിന്നാലെ പോകരുത്. വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കുക. നമ്മൾ വേദനയുടെയും ആശയക്കുഴപ്പത്തിന്റെയും ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ജീവന്റെയും സമാധാനത്തിന്റെയും നാഥനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ."- ബിഷപ്പ് പറഞ്ഞു.
മഡൂറോയെ ന്യൂയോർക്കിലേക്ക് മാറ്റിയതും വെനസ്വേലയുടെ ഭരണം താൽക്കാലികമായി അമേരിക്ക ഏറ്റെടുക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനവും ലാറ്റിൻ അമേരിക്കയെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ഈ ഘട്ടത്തിൽ രാജ്യത്ത് ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടാതിരിക്കാൻ ബിഷപ്പിന്റെ വാക്കുകൾക്ക് വലിയ സ്വാധീനം ചെലുത്താനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.