മുഖ്യമന്ത്രിയെ പൂക്കിയാക്കിയ ഫിജിനെ നേരിട്ട് കാണാന്‍ വി ഡി സതീശന്‍; ഓഫീസിലേക്ക് ക്ഷണം

 
233333

തിരുവനന്തപുരം: യുഡിഎഫിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി വി ഡി സതീശന്‍ കാണിച്ച പൂക്കി എക്‌സ്പ്രഷന്‍ ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ തരംഗമാണ്. വാഹന മോഡിഫിക്കേഷനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു രസകരമായ എക്സ്പ്രഷനോട് കൂടിയുള്ള മറുപടി. 'പൂക്കി മുഖ്യമന്ത്രി'യെന്ന പേരില്‍ ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു.

മുഖ്യമന്ത്രി ചുണ്ടുകടിച്ച് തലയാട്ടി ഒരു ചിരി ചിരിച്ചു. ''പറഞ്ഞിട്ടുണ്ടെങ്കില്‍ ചെയ്യും. പറഞ്ഞതൊക്കെ നടത്താനല്ലേ നമ്മള്‍ വന്നിരിക്കുന്നത്'' എന്ന മറുപടിയും പിന്നാലെ വന്നു. മലപ്പുറം നിലമ്പൂര്‍ എടക്കര സ്വദേശി ഫിജിന്‍ എന്ന യുട്യൂബറുടേതായിരുന്നു ചോദ്യം. ഈ ഒരൊറ്റ ചോദ്യം ചോദിക്കാനാണ് ഫിജിന്‍ തലസ്ഥാനംവരെ വന്നത്. ''വാക്ക് മാറ്റി പറയുമോ എന്നറിയാനാണ് ചോദിച്ചത്.

പക്ഷേ, മുഖ്യമന്ത്രി ഞെട്ടിച്ചുകളഞ്ഞു'' -ഫിജിന്‍ പറഞ്ഞു. ആ ഒരു മിനിറ്റ് ദൃശ്യത്തിന് ഫിജിന് സാമൂഹികമാധ്യമങ്ങളില്‍ കിട്ടിയത് 130 ലക്ഷം കാഴ്ചക്കാരെയാണ്. 15 ലക്ഷം ലൈക്ക്. തമിഴ് സംഗീതസംവിധായകന്‍ അനിരുദ്ധിന്റെ സംഗീതംകൂടി കലര്‍ത്തിയായിരുന്നു റീല്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വിളിപ്പിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ച നേരിട്ടു കാണുമെന്നും ഫിജിന്‍ പറഞ്ഞു.

ഈ ഭാവത്തെ പല സാഹചര്യങ്ങളില്‍ ചേര്‍ത്ത് നിരവധി റീലുകളാണ് പുറത്തിറങ്ങിയത്. 'വാഹനം മോഡിഫൈ ചെയ്യുന്നത് സംബന്ധിച്ച് ഒരു പയ്യനാണ് തന്നോട് ചോദ്യം ചോദിച്ചതെന്നും വാത്സല്യത്തോടെ നല്‍കിയ മറുപടിയാണിതെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി മകളാണ് വൈറലാവുന്ന വിഡിയോ കാണിച്ചുതന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags

Share this story

From Around the Web