വിഡി സതീശൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ മുൻപാകെ 'ദൈവനാമത്തിലാണ്' അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരത്തിലേറുന്നത്. കനത്ത സുരക്ഷാ വലയത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ സാക്ഷ്യം വഹിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കൾ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നേരിട്ടെത്തിയിരുന്നു. ഇവർക്ക് പുറമെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.