ധൂർത്തില്ലാതെ ഭരണം തുടങ്ങാൻ വി ഡി സതീശൻ, ക്ലിഫ് ഹൗസിൽ മോടിപിടിപ്പിക്കൽ വേണ്ട, കർശന നിർദ്ദേശം

 
vd

തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ ധൂർത്ത് വിവാദങ്ങൾക്ക് തടയിട്ട്, ലാളിത്യത്തോടെ ഭരണം തുടങ്ങാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വൻ തുക ചെലവഴിച്ച് മോടി പിടിപ്പിക്കേണ്ടതില്ലെന്ന് അദ്ദേഹം പൊതുഭരണ വകുപ്പിന് കർശന നിർദ്ദേശം നൽകി. അത്യാവശ്യമായ ചില്ലറ അറ്റകുറ്റപ്പണികൾ മാത്രം നടത്തിയാൽ മതിയെന്നാണ് നിർദ്ദേശം. മുഖ്യമന്ത്രിയുടെ വസതിക്ക് പുറമെ മറ്റ് മന്ത്രി മന്ദിരങ്ങളും ആഡംബരത്തോടെ മോടി പിടിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

പിണറായി വിജയൻ സർക്കാരിന്റെ പത്ത് വർഷത്തെ ഭരണകാലത്ത് ക്ലിഫ് ഹൗസിലെ ചെലവുകൾ നിരന്തരം വിവാദങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഔദ്യോഗിക വസതിയിൽ ലക്ഷങ്ങൾ പൊടിച്ച് നടത്തിയ നവീകരണ പ്രവർത്തനങ്ങൾ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയിരുന്നു.

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ക്ലിഫ് ഹൗസിലെ നീന്തൽക്കുളം നവീകരിക്കുന്നതിനായി മാത്രം 2016 മേയ് മുതൽ 2022 നവംബർ വരെ 31,92,360 രൂപ ചെലവിട്ടത് വലിയ ജനരോഷത്തിന് കാരണമായിരുന്നു. വസതിയിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി 25.50 ലക്ഷം രൂപ അനുവദിച്ചതും കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചു. ക്ലിഫ് ഹൗസ് ഉൾപ്പെടെയുള്ള മന്ത്രി മന്ദിരങ്ങളിൽ മരപ്പട്ടി ശല്യം രൂക്ഷമാണെന്ന മുൻ മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണവും ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.

4.2 ഏക്കർ കോമ്പൗണ്ടിലായി വ്യാപിച്ചുകിടക്കുന്ന ക്ലിഫ് ഹൗസിന് 15,000 ചതുരശ്ര അടി വലുപ്പമുണ്ട്. 7 കിടപ്പുമുറികൾ, ഒരു ഓഫീസ് മുറി, കോൺഫറൻസ് ഹാൾ എന്നിവയ്ക്ക് പുറമെ സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിചാരകർക്കുമായി രണ്ട് ചെറിയ കെട്ടിടങ്ങളും ഇവിടെയുണ്ട്.

അധികാരമേൽക്കുന്നതിന് തൊട്ടുമുമ്പ് തന്നെ ധൂർത്തിനെതിരെ ശക്തമായ നിലപാടെടുത്ത വി.ഡി. സതീശന്റെ പുതിയ നീക്കം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.

Tags

Share this story

From Around the Web