വി.ഡി. സതീശൻ സീറോ മലബാർ സഭ ആസ്ഥാനത്ത്; നിർണായക സന്ദർശനം സിനഡ് നടക്കുന്നതിനിടെ, മുതിർന്ന ബിഷപ്പുമാരുയി ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച

 
satheesan

കൊച്ചി: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ അടക്കമുള്ളവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.

സിനഡ് നടക്കുന്നതിനിടെ സഭാ ആസ്ഥാനമായ കാക്കനാട്ടെ മൗണ്ട് സെന്‍റ് തോമസിലായായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ കൂടിക്കാഴ്ച. ഒരു മണിക്കൂർ നീണ്ട ചർച്ചക്ക് ശേഷം അത്താഴവിരുന്നിലും പങ്കെടുത്ത ശേഷമാണ് പ്രതിപക്ഷ നേതാവ് മടങ്ങിയത്.

ബുധനാഴ്ച രാത്രി 9.15ഓടെയാണ് സഭാ ആസ്ഥാനമായ കാക്കനാട്ടെ മൗണ്ട് സെന്‍റ് തോമസിൽ പ്രതിപക്ഷ നേതാവ് എത്തിയത്. പൊലീസിന്‍റെ പൈലറ്റ് വാഹനവും പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വാഹനവും ഒഴിവാക്കിയായിരുന്നു സന്ദർശനം. സിനഡ് നടക്കുന്ന സ്ഥലത്തേക്ക് പ്രതിപക്ഷ നേതാവിനെ വിളിപ്പിച്ചതാണോ മുൻകൂർ അനുമതി തേടി സന്ദർശനം നടത്തിയതാണോ എന്ന് വ്യക്തമല്ല.

കേരളത്തിലെ രാഷ്ട്രീയ, മത വിഷയങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ട സഭാ സമിതിയാണ് സിനഡ്. ഇത്തരത്തിൽ സിനഡ് നടക്കുമ്പോഴുള്ള പ്രതിപക്ഷ നേതാവിന്‍റെ സന്ദർശനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ വോട്ടുകൾ തിരികെ വന്നതാണ് വന്നതാണ് യു.ഡി.എഫിന്‍റെ വലിയ വിജയത്തിന് വഴിവെച്ചത്. ഇടക്കാലത്ത് ക്രൈസ്തവ വോട്ടുകൾ തങ്ങളുടെ ചേരിയിലേക്ക് എത്തിക്കാൻ സി.പി.എമ്മും ബി.ജെ.പിയും ശ്രമം നടത്തിയിരുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ സഭയുടെ വോട്ട് ഏത് വിഭാഗത്തിന് ലഭിക്കുമെന്നത് കേരള രാഷ്ട്രീയത്തിൽ നിർണായകമാണ്.

Tags

Share this story

From Around the Web