ആര്‍എസ്എസിന്റെ വിദ്യാഭ്യാസ സമ്മേളനത്തിലേക്ക് കേരളത്തിലെ വിസിമാര്‍ക്കും ക്ഷണം; ഗവര്‍ണറും പങ്കെടുക്കും

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സംഘടന നടത്തുന്ന വിദ്യാഭ്യാസ സമ്മേളനത്തിലേക്ക് കേരളത്തിലെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്കും ക്ഷണം. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള 'ശിക്ഷ സംസ്‌കൃതി ഉത്തന്‍ ന്യാസ്' എന്ന സംഘടന നടത്തുന്ന പരിപാടിയിലേക്കാണ് ക്ഷണം.
ഈ മാസം 25 മുതല്‍ 28 വരെ കാലടിയില്‍ വെച്ചാണ് ആര്‍എസ്എസിന്റെ ദേശീയ വിദ്യാഭ്യാസ സമ്മേളനം പരിപാടി നടക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനും പരമ്പരാഗത വിജ്ഞാന സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനുമുള്ള മാര്‍ഗ രേഖ തയ്യാറാക്കലാണ് പരിപാടിയുടെ അജണ്ട.
രാജ്യത്തുടനീളമുള്ള തെരഞ്ഞെടുത്ത 300 ഓളം വിദ്യാഭ്യാസ വിചക്ഷണരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ആത്മീയ സംഘടനകളും പരിപാടിയുടെ ഭാഗമാകും. 27നു വൈകിട്ട് നടക്കുന്ന 'വിദ്യാഭ്യാസത്തിലെ ഭാരതീയ പരിപ്രേക്ഷ്യം' എന്ന വിഷയത്തിലാണ് വിസിമാരുടെ ചര്‍ച്ചയുണ്ടാകുക.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് തുടങ്ങിയവര്‍ ഇതില്‍ പങ്കെടുക്കും. കേരളത്തിലെ വിസിമാരെ കൂടാതെ ഉന്നതവിദ്യാഭ്യാസ സ്ഥാപന മേധാവികളെയും ക്ഷണിക്കും.
അടുത്ത പത്ത് വര്‍ഷത്തിനപ്പുറത്തേക്ക് കേരളത്തിന്റെ വിദ്യാഭ്യാസ രംഗം എങ്ങനെയാകണമെന്നാണ് ചര്‍ച്ച ചെയ്യുകയെന്ന് സംഘടനയുടെ കേരള ഘടകം പ്രസിഡന്റ് ഡോ. എന്‍ സി ഇന്ദുചൂഡന്‍ പറഞ്ഞു.