ലെബനൻ പ്രതിസന്ധിയിൽ ആശങ്കയോടെ വത്തിക്കാൻ; ഒരുമിച്ച് പ്രാർഥിച്ച് ലെയോ മാർപാപ്പയും ആരാം ഒന്നാമൻ ബാവയും

 
2333

കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ലെബനനിലെ ജനങ്ങൾക്ക് വേണ്ടിയും മിഡിൽ ഈസ്റ്റിലെ ക്രൈസ്തവ സഭകൾക്ക് വേണ്ടിയും താൻ ദിവസവും പ്രാർഥിക്കുന്നുണ്ടെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. വത്തിക്കാനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ അർമേനിയൻ അപ്പോസ്തോലിക് ചർച്ച് കാതോലിക്കോസ് ആരാം ഒന്നാമൻ ബാവയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മാർപാപ്പ തന്റെ ആശങ്കയും പ്രാർഥനയും പങ്കുവച്ചത്.

ലെയോ മാർപാപ്പയായി സ്ഥാനമേറ്റ ശേഷമുള്ള ഇരുവരുടെയും ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയായിരുന്നു ഇത്. ​വിവിധ സംസ്കാരങ്ങളിലും മതങ്ങളിലുംപെട്ട ജനങ്ങൾക്ക് ഒരുമിച്ച് ജീവിക്കാൻ സാധിക്കുമെന്ന് ലോകത്തിന് കാണിച്ചുതന്ന രാജ്യമാണ് ലെബനനെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. എന്നാൽ രാജ്യം ഇപ്പോൾ നേരിടുന്ന കടുത്ത പരീക്ഷണങ്ങളിൽ പാപ്പ ഖേദം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും വീണ്ടും ഭീഷണിയിലായിരിക്കുന്ന ഈ സാഹചര്യത്തിൽ ക്രൈസ്തവർ തമ്മിലുള്ള സാഹോദര്യം ശക്തമാക്കണമെന്നും ഒപ്പം മറ്റ് സമൂഹങ്ങളിലുള്ളവരുമായി നല്ല ബന്ധം പുലർത്തണമെന്നും മാർപാപ്പ ആഹ്വാനം ചെയ്തു.

​സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ശേഷം അപ്പോസ്തോലിക് കൊട്ടാരത്തിലെ അർബൻ എട്ടാമൻ ചാപ്പലിൽ ഇരുവരും ഒന്നിച്ച് പ്രാർഥന നടത്തി. റോമിലെ സന്ദർശനത്തിനിടെ മറ്റ് വത്തിക്കാൻ കാര്യാലയങ്ങളും സന്ദർശിക്കുന്ന ആരാം ഒന്നാമൻ ബാവ, ചൊവ്വാഴ്ച പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മിഡിൽ ഈസ്റ്റിലെ സഭകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പൊതു പ്രഭാഷണം നടത്തും.

Tags

Share this story

From Around the Web