ഇസ്രായേലി-പലസ്തീൻ കുട്ടികളുടെ സൗഹൃദത്തെക്കുറിച്ചുള്ള സിനിമ പ്രദർശിപ്പിക്കാനൊരുങ്ങി വത്തിക്കാൻ

2003-ൽ ഗാസ മുനമ്പിലെ യുദ്ധത്തിനിടയിൽ, സർഫിംഗിനോടുള്ള താത്പര്യത്താൽ സുഹൃത്തുക്കളായ പലസ്തീൻ, ഇസ്രായേലി കുട്ടികളുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ‘ഹൗ കിഡ്‌സ് റോൾ’ എന്ന ചിത്രം പ്രദർശിപ്പിക്കുമെന്ന് വത്തിക്കാൻ പ്രഖ്യാപിച്ചു. 2024-ൽ ലോറിസ് ലായ് സംവിധാനം ചെയ്ത സിനിമയാണിത്.
ഇറ്റാലിയൻ എഴുത്തുകാരി നിക്കോലെറ്റ ബൊർട്ടോലോട്ടിയുടെ ‘സൺ ഓൺ ദി വേവ് ഓഫ് ഫ്രീഡം’ എന്ന നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതാണ് ഈ ചിത്രം. ഈ സിനിമ പ്രതീക്ഷയുടെയും അനുരഞ്ജനത്തിന്റെയും കഥ പറയുന്നു. സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന ഒരു ചലച്ചിത്ര പരമ്പരയുടെ ഭാഗമായി സെപ്റ്റംബർ 25 ന് വത്തിക്കാൻ ഫിലിം ലൈബ്രറിയിൽ പ്രദർശനം നടക്കും.
ഭയത്തിന്റെയും അവിശ്വാസത്തിന്റെയും തടസ്സങ്ങളെ മറികടക്കാൻ കഴിയുന്ന പലസ്തീൻ ബാലനായ മഹ്മൂദിന്റെയും ഇസ്രായേലി വംശജനായ അലോൺ എന്ന അലന്റെയും കഥയാണ് ഈ ചിത്രം പറയുന്നത്. മുൻ സർഫിംഗ് ചാമ്പ്യനായ നിക്കോള പിയോവാനിയാണ് ഈ സൗഹൃദ യാത്രയിലൂടെ അവരെ നയിക്കുന്നത്. ഈ ചിത്രത്തിന്റെ സംഗീതം ഓസ്കാർ ജേതാവ് നിക്കോള പിയോവാനിയുടെതാണ്. ഇത് ഈ സിനിമയ്ക്ക് ഒരു പ്രത്യേക വൈകാരിക മാനം നൽകുന്നു.
യുദ്ധം, സാഹോദര്യം, സമാധാനത്തിനായുള്ള ആഗ്രഹം തുടങ്ങിയ വിഷയങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്.
മിഡിൽ ഈസ്റ്റിലെ സംഘർഷം വീണ്ടും അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന സമയത്ത്, ജനങ്ങളും മതങ്ങളും തമ്മിലുള്ള സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാന്റെ സാംസ്കാരിക ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.