ഉക്രൈനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തപാൽ സ്റ്റാമ്പ് പുറത്തിറക്കി വത്തിക്കാൻ

 
08666

ഉക്രൈനിലെ റഷ്യൻ അധിനിവേശം നാലാം വർഷത്തിലേക്കു കടക്കുമ്പോൾ, അവിടത്തെ കത്തോലിക്കാ വിശ്വാസികൾക്കും ജനങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വത്തിക്കാൻ പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി.

സാധാരണയായി വിശുദ്ധരുടെയോ, മതപരമായ ആഘോഷങ്ങളുടെയോ ചിത്രങ്ങൾ പതിപ്പിച്ച സ്റ്റാമ്പുകൾ പുറത്തിറക്കുന്ന വത്തിക്കാന്റെ പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായി, യുദ്ധത്തിന്റെ യാഥാർഥ്യങ്ങൾ വിളിച്ചോതുന്ന ഒരു ചിത്രമാണ് ഇതിനായി തിരഞ്ഞെടുത്തത്.

കീവിലെ ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ പ്രധാന ദൈവാലയമായ ‘പാട്രിയാർക്കൽ കത്തീഡ്രൽ ഓഫ് ദി റിസറക്ഷൻ ഓഫ് ക്രൈസ്റ്റ്’ ആണ് സ്റ്റാമ്പിലുള്ളത്. റഷ്യൻ ആക്രമണങ്ങളിൽ ഊർജസംവിധാനങ്ങൾ തകർന്നതിനെത്തുടർന്ന് വൈദ്യുതിയില്ലാത്ത അവസ്ഥയിലുള്ള കത്തീഡ്രലിന്റെ കറുത്ത സിലൗട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഇരുട്ടിൽ മുങ്ങിയ കത്തീഡ്രലിനു പിന്നിൽ സന്ധ്യാകാശത്തിന്റെ ഓറഞ്ച് നിറത്തിലുള്ള പ്രഭാവലയം കാണാം. ഇത് യുദ്ധത്തിന്റെ കഷ്ടപ്പാടുകൾക്കിടയിലും ജനങ്ങൾ കാത്തുസൂക്ഷിക്കുന്ന പ്രത്യാശയെയും അതിജീവനത്തെയുമാണ് സൂചിപ്പിക്കുന്നത്.

ഉക്രൈനിലെ യുദ്ധത്തിന്റെ നാലാം വാർഷികത്തിനു പുറമെ, സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം കീവ് കത്തോലിക്കാ രൂപത പുനഃസ്ഥാപിച്ചതിന്റെ മുപ്പതാം വാർഷികവും കത്തീഡ്രൽ നിർമ്മാണത്തിന്റെ പന്ത്രണ്ടാം വാർഷികവും ഈ സ്റ്റാമ്പ് അടയാളപ്പെടുത്തുന്നു. 1.35 യൂറോ മൂല്യമുള്ള ഈ സ്റ്റാമ്പ് ഇപ്പോൾ വത്തിക്കാൻ തപാൽകേന്ദ്രങ്ങൾ വഴി ലഭ്യമാണ്.

വത്തിക്കാൻ മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ ഉക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവൻ ആർച്ച്ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക് സ്റ്റാമ്പ് പ്രകാശനം ചെയ്തു. “ഇതൊരു വലിയ ആശ്വാസത്തിന്റെ നിമിഷമാണ്. ഈ ദുരന്തസമയത്ത് വത്തിക്കാൻ ഞങ്ങളെ ചേർത്തുപിടിക്കുന്നതായി ഞങ്ങൾക്ക് അനുഭവപ്പെടുന്നു” – ആർച്ചുബിഷപ്പ് പറഞ്ഞു

Tags

Share this story

From Around the Web