ഉക്രൈനിൽ റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് വത്തിക്കാൻ പ്രതിനിധി
സമീപകാലത്തുണ്ടായ കടുത്ത വ്യോമാക്രമണങ്ങൾ ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്ക് താല്പര്യമില്ലെന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് ഉക്രൈനിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് വിസ്വാൽദാസ് കുൽബോകാസ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉക്രൈനിലുടനീളം റഷ്യ കടുത്ത ബോംബാക്രമണമാണ് നടത്തുന്നതെന്ന് വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണങ്ങളിലൊന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. തലസ്ഥാനമായ കീവിൽ മാത്രം കുട്ടികൾ ഉൾപ്പെടെ 24 പേർ കൊല്ലപ്പെടുകയും 48 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉക്രൈൻ അധികൃതർ നൽകുന്ന വിവരങ്ങൾ അനുസരിച്ച്, ഇവാനോ-ഫ്രാങ്കിവ്സ്ക്, ഉസ്ഹോറോഡ് തുടങ്ങിയ പടിഞ്ഞാറൻ നഗരങ്ങളെ ലക്ഷ്യമിട്ട് 1500-ലധികം ദീർഘദൂര ഡ്രോണുകളാണ് റഷ്യ അയച്ചത്. ഇതിന് പിന്നാലെ കീവിനെ ലക്ഷ്യമിട്ട് അറുപതോളം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് റഷ്യൻ സേന ആക്രമണം നടത്തി.
ഖേർസണിൽ മാനുഷിക സഹായം വിതരണം ചെയ്യുകയായിരുന്ന ഐക്യരാഷ്ട്രസഭയുടെ വാഹനത്തിന് നേരെ നടന്ന ആക്രമണത്തിൽ ആർച്ച്ബിഷപ്പ് കടുത്ത ആശങ്ക രേഖപ്പെടുത്തി. “റഷ്യൻ അധികൃതരെ മുൻകൂട്ടി അറിയിച്ച ശേഷമാണ് ഐക്യരാഷ്ട്രസഭയുടെ വാഹനങ്ങൾ നീങ്ങുന്നത്. വ്യക്തമായ അടയാളങ്ങളുള്ള ഇത്തരം വാഹനങ്ങളെപ്പോലും ബോധപൂർവം ലക്ഷ്യമിടുന്നത് ജനങ്ങൾക്ക് സഹായം ലഭിക്കാതിരിക്കാനാണ്. ഇത് വളരെ ആശങ്കാജനകമാണ്” – ആർച്ച്ബിഷപ്പ് വിസ്വാൽദാസ് കുൽബോകാസ് പറഞ്ഞു.
ആക്രമണത്തിനിടെ മിസൈൽ അവശിഷ്ടങ്ങൾ കീവിലെ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിന്റെ വളപ്പിലും വീണിട്ടുണ്ട്. ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെങ്കിലും ചെറിയ മിസൈൽ കഷണങ്ങൾ കെട്ടിടത്തിന് ചുറ്റും കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. കൂടാതെ, നയതന്ത്ര കാര്യാലയത്തിന് ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള സെന്റ് ബേസിൽ ദി ഗ്രേറ്റ് ചർച്ചിൽ മാസങ്ങളായി അറ്റകുറ്റപ്പണികൾ നടക്കുകയാണ്. ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ തകർന്ന പള്ളിയുടെ മേൽക്കൂരയിൽ മാത്രം 57 സുഷിരങ്ങളാണ് കണ്ടെത്തിയത്.