ബംഗാളില്‍ ഒഴിവാക്കിയ വന്ദേമാതരം പൂര്‍ണമായി ചൊല്ലി; കേന്ദ്ര നിര്‍ദേശം പാലിച്ച് വിഡി സതീശന്‍ സര്‍ക്കാര്

 
3444

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ അധികാരമേറ്റ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ കർശന നിർദ്ദേശപ്രകാരം, ദേശീയ ഗാനത്തിന് തൊട്ടുമുൻപായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ചടങ്ങിൽ പൂർണ്ണമായി ആലപിക്കുകയായിരുന്നു.

ദേശീയ ഗാനത്തിനും ദേശീയ ഗീതത്തിനും ബി.ജെ.പി സർക്കാരുകളേക്കാൾ പ്രാധാന്യം നൽകാൻ കോൺഗ്രസ് നേതൃത്വം നൽകുന്ന പുതിയ യു.ഡി.എഫ് സർക്കാർ തയ്യാറാണെന്ന് തെളിയിക്കുന്നതാണ് ഈ നടപടിയെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

വന്ദേമാതരത്തിന്റെ എല്ലാ ഭാഗങ്ങളും ഔദ്യോഗിക ചടങ്ങുകളിൽ നിർബന്ധമാക്കുന്നതിനെ മുൻപ് ദേശീയതലത്തിൽ കോൺഗ്രസ് എതിർത്തിരുന്നു. എന്നാൽ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ നടന്ന കേരള സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കേന്ദ്ര നിർദ്ദേശം അക്ഷരംപ്രതി പാലിക്കപ്പെട്ടത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്.

ദേശീയ ഗാനത്തിന് മുൻപായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കണമെന്ന് ഈ വർഷം ജനുവരി 28-നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ ഉത്തരവിറക്കിയത്. നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും ഈ നിർദേശം പാലിച്ച് വന്ദേമാതരം ആലപിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ട് പങ്കെടുത്തിട്ടും, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചിരുന്നില്ല എന്നത് ഈ സാഹചര്യത്തിൽ ഏറെ ശ്രദ്ധേയമാണ്. ബി.ജെ.പി നേരിട്ട് ഭരിക്കുന്ന ബംഗാളിൽ സ്വന്തം മന്ത്രാലയത്തിന്റെ ഉത്തരവ് ലംഘിക്കപ്പെട്ടപ്പോൾ, കേന്ദ്രത്തിന്റെ കടുത്ത രാഷ്ട്രീയ എതിരാളികളായ കോൺഗ്രസ് കേരളത്തിൽ അത് പൂർണ്ണമായി നടപ്പിലാക്കി മാതൃക കാണിച്ചു എന്നതാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം.

ബി.ജെ.പിയേക്കാൾ ഒരുപടി മുന്നിലാണ് തങ്ങളുടെ ദേശീയബോധമെന്ന് ക്ലിയറായ മറുപടി നൽകാൻ പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന് ഈ നടപടിയിലൂടെ സാധിച്ചതായാണ് വിലയിരുത്തലുകൾ.
 

Tags

Share this story

From Around the Web