വി. ജാനൂരിയസിന്റെ തിരുശേഷിപ്പായ രക്തക്കട്ട വീണ്ടും ദ്രാവകരൂപത്തിലായി
ഇറ്റാലിയൻ നഗരമായ നേപ്പിൾസിന്റെ രക്ഷാധികാരിയായ വി. ജാനൂരിയസിന്റെ രക്തം ദ്രവീകരിക്കുന്ന അദ്ഭുതം ഡിസംബർ 16 ചൊവ്വാഴ്ച വീണ്ടും സംഭവിച്ചു. നേപ്പിൾസിൽ സ്വർഗാരോപിത മാതാവിന്റെ കത്തീഡ്രലിൽ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പായ രക്തക്കട്ട ദ്രാവകരൂപത്തിലായി മാറുകയായിരുന്നു. വിശുദ്ധന്റെ തിരുനാൾ ദിവസമായ സെപ്റ്റംബർ 19-ാം തീയതിയും ഈ തിരുശേഷിപ്പ് ദ്രാവകമായി മാറിയിരുന്നു.
“പ്രാദേശികസമയം രാവിലെ 9.13 ന്, രക്തം അർധദ്രാവകമായി പ്രത്യക്ഷപ്പെട്ടു. രാവിലെ 10.05 ന് പൂർണ്ണദ്രവീകരണം പ്രഖ്യാപിച്ചു” – അതിരൂപത റിപ്പോർട്ട് ചെയ്തു. രക്തസാക്ഷിയായ വിശുദ്ധന്റെ ബഹുമാനാർഥം വാർഷികമായി ആഘോഷിക്കുന്ന മൂന്ന് ആഘോഷങ്ങളിൽ മൂന്നാമത്തേതാണ് ഡിസംബർ 16. വി. ജാനൂരിയസ് നേപ്പിൾസിന്റെ സംരക്ഷകനാണ്. ലാവ നഗരത്തെ വിഴുങ്ങുന്നത് തടയാൻ നെപ്പോളിയക്കാർ വിശുദ്ധന്റെ അദ്ഭുതകരമായ ഇടപെടൽ അഭ്യർഥിക്കുകയും നേടുകയും ചെയ്ത ദിനമാണ് ഡിസംബർ 16.
മൂന്നാം നൂറ്റാണ്ടിൽ നേപ്പിൾസ് നഗരത്തിലെ ബിഷപ്പായിരുന്ന ഇദ്ദേഹം, ഡയോക്ലിഷ്യൻ ചക്രവർത്തിയുടെ മതപീഡനകാലത്ത് രക്തസാക്ഷിയായി മാറി. ഇദ്ദേഹത്തിന്റെ തിരുനാൾ ദിവസം പല പ്രാവശ്യം ഇപ്രകാരം അദ്ഭുതകരമായി രക്തം ദ്രാവകരൂപത്തിൽ കാണപ്പെട്ടിരുന്നു. ഇതിന് സാർവത്രികസഭയുടെ അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും അനേകരെ വിശ്വാസത്തിൽ ആഴപ്പെടുത്താൻ ഇത് കാരണമായി. വർഷത്തിൽ മൂന്നുപ്രാവശ്യമാണ് വിശുദ്ധന്റെ രക്തം ദ്രാവകരൂപത്തിലാകുന്നത്. തിരുനാൾ ദിനത്തിലും മെയ് മാസത്തിലെ ആദ്യ ഞായറാഴ്ചയ്ക്കു മുൻപുള്ള ശനിയാഴ്ചയും.
കടപ്പാട് ലൈഫ് ഡേ