വി. എസ് അച്യുതാനന്ദൻ സാധാരണക്കാരുടെ നേതാവ്: മാർ റാഫേൽ തട്ടിൽ

 
vs

കേരള രാഷ്ട്രീയത്തിലെ ജനകീയരായ മുഖ്യമന്ത്രിമാരിൽ എന്നും ഓർമ്മിക്കപ്പെടുന്ന മുഖമായിരിക്കും അന്തരിച്ച ശ്രീ വി. എസ്. അച്യുതാന്ദൻ എന്ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് സജീവ രാഷ്‌ട്രീയപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം ആരംഭിച്ച ശ്രീ വി.എസ്‌. അച്യുതാനന്ദന്‍, സര്‍ സി.പി. രാമസ്വാമി അയ്യരുടെ ജനവിരുദ്ധ നയങ്ങൾക്കെതിരായി നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തിന്റെ സംഘാടനത്തിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്നു.

തുടര്‍ന്ന്‌ സ്വാതന്ത്ര്യപ്രസ്ഥാനത്തിലേക്കും, അവിടെനിന്ന്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയിലേക്കും എത്തിച്ചേർന്ന ശ്രീ വി എസ്, ഭൂപരിഷ്‌കരണനിയമം നടപ്പിലാക്കുന്നതിനായുള്ള ജനകീയ പ്രക്ഷോഭങ്ങളുടെ മുന്നളിപ്പോരാളിയായിരുന്നു എന്ന് മേജർ ആർച്ച്ബിഷപ് അനുസ്മരിച്ചു. ജനകീയ സമരനായകൻ, ജനപ്രതിനിധി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി നിലകളിൽ കേരളത്തിന്റെ പൊതുജീവിതത്തിൽ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്.

എട്ടു പതിറ്റാണ്ടിലധികം നീണ്ട രാഷ്ട്രീയജീവിതത്തിൽ എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം നിലകൊണ്ടിട്ടുള്ള നേതാവായിരുന്നു ശ്രീ വി. എസ് അച്യുതാന്ദൻ. പാരിസ്ഥിതിക വിഷയങ്ങളെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുന്നതിൽ അദ്ദേഹത്തിന്റെ നിലപാടുകൾ വലിയ സ്ഥാനം വഹിച്ചിട്ടുണ്ട്.

ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് ശ്രീ വിഎസിന്റേത്. സാധാരണ മനുഷ്യർക്ക്‌ എപ്പോഴും ആശ്രയിക്കാമായിരുന്ന ശ്രീ വി എസ്സിന്റെ വേർപാട് നികത്താനാവാത്ത നഷ്ടമാണെന്നും, അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബങ്ങളോടും പാർട്ടിപ്രവർത്തകരോടുമുള്ള സീറോമലബാർ സഭയുടെ അനുശോചനം ഹൃദയപൂർവം രേഖപ്പെടുത്തുന്നതായും മേജർ ആർച്ച്ബിഷപ് അറിയിച്ചു.

ഫാ. ടോം ഓലിക്കരോട്ട്
പി. ആർ. ഓ. സീറോമലബാർ ചർച്ച്

Tags

Share this story

From Around the Web