വി. ദേവസഹായം പിള്ളയെ അല്മായരുടെ മധ്യസ്ഥനായി പ്രഖ്യാപിച്ച് ലെയോ പതിനാലാമൻ പാപ്പ

 
devasahayam

വി. ദേവസഹായം പിള്ളയെ അല്മായരുടെ മധ്യസ്ഥനായി ലെയോ പതിനാലാമൻ പാപ്പ പ്രഖ്യാപിച്ചു. ദിവ്യാരാധനയ്ക്കും കൂദാശകളുടെ ശിക്ഷണത്തിനുമുള്ള ഡിക്കാസ്റ്ററി വഴി പരിശുദ്ധ പിതാവ് ഇന്ത്യയിലെ അല്മായരുടെ മധ്യസ്ഥനായി വി. ദേവസഹായത്തെ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (CCBI) സമർപ്പിച്ച ഒരു നിവേദനത്തെ തുടർന്നാണ് സ്ഥിരീകരണം ലഭിച്ചത്. 2025 ജൂലൈ 16 ന് പുറപ്പെടുവിച്ച ഒരു ഉത്തരവിലൂടെയാണ് അനുവാദം ലഭിച്ചത്.

വി. ദേവസഹായം പിള്ളയെ അല്മായരുടെ മധ്യസ്ഥനായി ഉയർത്തിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം 2025 ഒക്ടോബർ 15 ന് വാരണാസിയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്നദിവ്യബലി മധ്യേ നടക്കും.

രാജ്യത്തുടനീളമുള്ള രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ ഒത്തുചേരുന്ന സി സി ബി ഐ അല്മായ കമ്മീഷന്റെ രൂപതയുടെയും മേഖലാ സെക്രട്ടറിമാരുടെയും വാർഷിക ദേശീയ യോഗത്തോടൊപ്പമായിരിക്കും ഈ പരിപാടി.

എല്ലാ രൂപതകളിലും ഇടവകകളിലും ഈ ചരിത്ര നിമിഷം ആഘോഷിക്കാനും ഇന്ത്യയിലുടനീളം വി. ദേവസഹായത്തോടുള്ള ഭക്തി സജീവമായി പ്രോത്സാഹിപ്പിക്കാനും ആർച്ച് ബിഷപ്പുമാരെയും, ബിഷപ്പുമാരെയും, ഇടവക വൈദികരെയും, സന്യാസിമാരെയും, അല്മായ വിശ്വാസികളെയും ക്ഷണിച്ചുകൊണ്ട് സിസിബിഐ പ്രസിഡന്റ് കർദിനാൾ ഫിലിപ്പ് നേരി ഫെറോ ഒരു സർക്കുലർ പുറപ്പെടുവിച്ചു.

“വി. ദേവസഹായത്തോടുള്ള ഭക്തി ഇന്ത്യയിലെ അൽമായ വിശ്വാസികളെ ദൈവസ്നേഹത്തിൽ വളർത്താനും, അവരുടെ വിശ്വാസാചാരങ്ങൾ ആഴത്തിലാക്കാനും, സഭയെയും സമൂഹത്തെയും സജീവമായി സേവിക്കാനും പ്രചോദിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” കർദിനാൾ ഫിലിപ്പ് നേരി ഫെറോ പറഞ്ഞു.

ഭാരതത്തിലെ ആദ്യത്തെ അത്മായ രക്തസാക്ഷി വിശുദ്ധനായ ദേവസഹായം പിള്ളയുടെ തിരുനാൾ ദിനം ജനുവരി 14 ന് ആണ്. 2022 മെയ് മാസം പതിനഞ്ചാം തീയതിയാണ് ഫ്രാൻസിസ് മാർപാപ്പ ദേവസഹായം പിള്ളയെ വിശുദ്ധരുടെ പദവിയിലേക്ക് ഉയർത്തിയത്.

ഏഴുവർഷം മാത്രം കത്തോലിക്കനായി ജീവിച്ച് അതിൽ മൂന്നുവർഷവും ജയിലിൽ കൊടിയ പീഡനങ്ങൾക്കു നടുവിൽ ക്രൈസ്തവ വിശ്വാസത്തിനുവേണ്ടി നിലകൊണ്ട അത്മായ രക്തസാക്ഷി വിശുദ്ധനാണ് അദ്ദേഹം.

Tags

Share this story

From Around the Web