സഭയിൽ ശ്രദ്ധാകേന്ദ്രമായി വി കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും, പിണറായിക്ക് കൈകൊടുത്തും അഭിവാദ്യം അർപ്പിച്ചും സത്യപ്രതിജ്ഞ

 
9999

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പുരോഗമിക്കവെ, രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കിയ രണ്ട് ജനപ്രതിനിധികളുടെ സഭാപ്രവേശം സഭയ്ക്കുള്ളിൽ വലിയ ശ്രദ്ധാകേന്ദ്രമായി. സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ്, യുഡിഎഫ് പിന്തുണയോടെ മത്സരിച്ച് നിയമസഭയിലെത്തിയ വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനുമാണ് സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

തളിപ്പറമ്പിൽ നിന്നും ജനവിധി തേടി വിജയിച്ച ടി.കെ. ഗോവിന്ദൻ സത്യവാചകം ചൊല്ലാനായി എത്തിയപ്പോൾ പിണറായി വിജയന് കൈ കൊടുത്ത ശേഷമാണ് പ്രോടേം സ്പീക്കർക്ക് മുന്നിലേക്ക് നീങ്ങിയത്. കൗതുകമുണർത്തിയ ഈ നീക്കത്തിന് പിന്നാലെ ഭരണനിരയിലുള്ളവർ വലിയ കയ്യടികളോടെയാണ് തളിപ്പറമ്പ് പ്രതിനിധിയെ വരവേറ്റത്.

പയ്യന്നൂരിൽ നിന്ന് സഭയിലെത്തിയ വി. കുഞ്ഞികൃഷ്ണനും വേറിട്ട രാഷ്ട്രീയ കാഴ്ചയ്ക്കാണ് സഭയിൽ തുടക്കമിട്ടത്. കടുത്ത രാഷ്ട്രീയപ്പോരാട്ടത്തിനൊടുവിൽ സിപിഎമ്മിനെ നേരിട്ട് പരാജയപ്പെടുത്തി സഭയിലെത്തിയ കുഞ്ഞികൃഷ്ണൻ, പിണറായി വിജയന് അഭിവാദ്യം അർപ്പിച്ചുകൊണ്ടാണ് സഗൗരവം സത്യപ്രതിജ്ഞ ചൊല്ലിയത്.

സിപിഎമ്മിന്റെ മുൻകാല ഭാരവാഹികളായിരുന്ന ഇരുവരും പാർട്ടി നേതൃത്വവുമായുള്ള ഭിന്നതകളെ തുടർന്ന് പുറത്തുപോവുകയും, പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വതന്ത്രൻമാരായി ജനവിധി തേടുകയുമായിരുന്നു. രാഷ്ട്രീയമായി ഏറെ വാശിയേറിയ പോരാട്ടം നടന്ന തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചെത്തിയ ഇവരുടെ സത്യപ്രതിജ്ഞാ വേളയിലെ നിലപാടുകൾ ഭരണ-പ്രതിപക്ഷ നിരകളിൽ ഒരേപോലെ ചർച്ചയായി മാറിയിട്ടുണ്ട്.

Tags

Share this story

From Around the Web