വി. ജോൺ മരിയ വിയാനി: ദിവ്യകാരുണ്യത്താൽ സംതൃപ്തനായവൻ

 
ammam

ആർസിലെ എളിയ ഇടവകയുടെ വികാരിയായിരുന്ന വിശുദ്ധ ജോൺ മരിയ വിയാനി (1786-1859) സഭയുടെ ചരിത്രത്തിലെ ഏറ്റവും ആഴമേറിയ ദിവ്യകാരുണ്യ ഭക്തരിൽ ഒരാളായിരുന്നു. വിശുദ്ധ കുർബാനയോടുള്ള അദ്ദേഹത്തിന്റെ ആഴമായ സ്നേഹം സ്വന്തം പൗരോഹിത്യത്തെ മാത്രമല്ല, ദിവ്യകാരുണ്യത്തിൽ മറഞ്ഞിരിക്കുന്ന അനന്തമായ നിധികൾ കണ്ടെത്താൻ എണ്ണമറ്റ ആത്മാക്കളെ ആകർഷിച്ചു.

പരമമായ ബലി

ആർസിന്റെ വികാരിയായ ഫാ. ജോൺ വിയാനിയെ സംബന്ധിച്ചിടത്തോളം, സൃഷ്ടികളിലെ ഒന്നിനെയും വിശുദ്ധ ബലിയുമായി താരതമ്യപ്പെടുത്താനാവില്ല. “ലോകത്തിലെ എല്ലാ നല്ല പ്രവൃത്തികളും വിശുദ്ധ ബലിയുമായി തുലനം ചെയ്യുമ്പോൾ ഒന്നുമല്ല. കാരണം അവ മനുഷ്യരുടെ പ്രവൃത്തികളാണ്.

പക്ഷേ, വിശുദ്ധ കുർബാന ദൈവത്തിന്റെ പ്രവൃത്തിയാണ്,” എന്നദ്ദേഹം അചഞ്ചലമായ ബോധ്യത്തോടെ പ്രഖ്യാപിച്ചു. ഇത് ദൈവശാസ്ത്രപരമായ ധാരണ മാത്രമായിരുന്നില്ല, ജീവിച്ചിരിക്കുന്ന അനുഭവമായിരുന്നു. വിയാനി വളരെ ബഹുമാനത്തോടും സ്നേഹത്തോടും കൂടി ദിവ്യകാരുണ്യത്തിൽ വിശ്വസിച്ചു, ജീവിച്ചു, ആഘോഷിച്ചു. വിശുദ്ധ കുർബാന അനുഭവം അദ്ദേഹത്തെ മറ്റൊരു ലോകത്തേക്ക് കടത്തിവിട്ടതായി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

രക്തസാക്ഷിത്വത്തെക്കുറിച്ചുള്ള വിയാനി അച്ചന്റെ വീക്ഷണം അദ്ദേഹത്തിന്റെ ദിവ്യകാരുണ്യ വിശ്വാസത്തിന്റെ ആഴം വെളിപ്പെടുത്തുന്നു: “രക്തസാക്ഷിത്വം വിശുദ്ധ കുർബാനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒന്നുമല്ല, കാരണം അത് ദൈവത്തിനായുള്ള മനുഷ്യന്റെ ത്യാഗമാണ്; എന്നാൽ കുർബാന മനുഷ്യനുവേണ്ടിയുള്ള ദൈവത്തിന്റെ ത്യാഗമാണ്.” വിശുദ്ധ കുർബാന എന്നാൽ ദൈവത്തിലേക്ക് എത്തുന്ന മനുഷ്യത്വം അല്ല, മറിച്ച് ദൈവം അനന്തമായ സ്നേഹത്തോടെ മനുഷ്യത്വത്തിലേക്ക് എത്തുന്നതാണ്.

അദ്ഭുതങ്ങൾ സൃഷ്ടിച്ച ദിവ്യമായ അടുപ്പം

വിശുദ്ധ കുർബാനയോടുള്ള വിയാനി അച്ചന്റെ അടുപ്പം ദിവ്യമായ അടുപ്പമായിരുന്നു. അദ്ഭുതങ്ങൾ സൃഷ്ടിക്കുന്ന ദിവ്യമായ അടുപ്പമായിരുന്നു. വിശുദ്ധ ആനന്ദത്താൽ അവൻ പറഞ്ഞു. “മർത്യനായ മനുഷ്യൻ, ഒരു സൃഷ്ടി മാത്രമായവൻ ദൈവത്താൽ പോഷിപ്പിക്കപ്പെടുന്നു. തന്റെ ദൈവത്താൽ തന്നെത്തന്നെ തൃപ്തിപ്പെടുത്തുന്നു,

അവനെ തന്റെ ദൈനംദിന അപ്പമായും പാനീയമായും സ്വീകരിക്കുന്നു. ഓ, അത്ഭുതങ്ങളുടെ അത്ഭുതം! ഓ സ്നേഹങ്ങളുടെ സ്നേഹം! ഓ സന്തോഷങ്ങളുടെ സന്തോഷം!” വിശുദ്ധ കുർബാനയിൽ അനന്തമായ ദൈവം പരിമിതമായ ആത്മാക്കൾക്ക് പോഷണമായി മാറുന്നു എന്ന അതിശയകരമായ യാഥാർത്ഥ്യത്തെ വിയാനി അച്ചന്റെ വാക്കുകൾ ഓർമ്മപ്പെടുത്തുന്നു.

വിശുദ്ധ കുർബാന വിയാനി പുണ്യവാന് അമൂർത്തമായ ദൈവശാസ്ത്രമല്ല, മറിച്ച് വ്യക്തിപരമായ അനുഭവമായിരുന്നു. ദിവ്യകാരുണ്യത്തിൽ പൂർണ്ണമായും ആശ്രയിക്കുന്ന ഒരു ആത്മാവിന്റെ വിശപ്പുമായി വിയാനി ബലിപീഠത്തെ സമീപിച്ചു. ഓരോ കുർബാനയും ദിവ്യകാരുണ്യത്തിന്റെ പ്രവൃത്തിയാണെന്ന് അദ്ദേഹം മനസ്സിലാക്കി. ആത്മീയമായി വിശക്കുന്നവർക്ക് ദൈവം തന്നെ ഭക്ഷണമായി മാറി.

ദിവ്യകാരുണ്യ പുരോഹിതൻ

വിയാനിയുടെ ദിവ്യകാരുണ്യ ഭക്തി അദ്ദേഹത്തിന്റെ പൗരോഹിത്യത്തിന്റെ എല്ലാ വശങ്ങളെയും രൂപപ്പെടുത്തി. വിശുദ്ധ കുർബാനയ്ക്കു മുമ്പുള്ള പ്രാർത്ഥനയിൽ ചെലവഴിച്ച മണിക്കൂറുകളിൽ നിന്നാണ് ആത്മാക്കളെ വായിക്കാനുള്ള അദ്ദേഹത്തിന്റെ ഐതിഹാസിക കഴിവ് ഒഴുകിയെത്തിയത്. ആത്മാവ് സ്വയം ആഴ്ന്നിറങ്ങുന്ന സ്നേഹത്തിന്റെ ആന്തരിക കുളിയാണ് പ്രാർഥനയെന്ന് അദ്ദേഹം പഠിപ്പിച്ചു.

വിയാനി പുണ്യവാന് ആത്യന്തിക പ്രാർഥന ദിവ്യകാരുണ്യ ആരാധനയായിരുന്നു. “എളിമയോടെയിരിക്കുക, ലളിതമായി തുടരുക. നിങ്ങൾ എത്രത്തോളം അങ്ങനെയായിരിക്കുന്നുവോ അത്രത്തോളം നിങ്ങൾ കൂടുതൽ നന്മ ചെയ്യും” എന്ന അദ്ദേഹത്തിന്റെ വിനയം ബലിപീഠത്തിന്റെ ചുവട്ടിൽനിന്ന് രൂപപ്പെട്ടതാണ്.

അനന്തമായ ദൈവത്തെ ഉൾക്കൊള്ളുന്ന വാഴ്ത്തപ്പെട്ട അപ്പത്തിന്റെയും വീഞ്ഞിന്റെയും എളിമയുള്ള പ്രത്യക്ഷീകരണത്തിന് മുമ്പിൽ എല്ലാ കപടതകളും ഉരുകിപ്പോകുന്നു. ദൈവത്തിന്റെ ഏറ്റവും വലിയ ശക്തി അപ്പത്തിന്റെ ബലഹീനതയിൽ വെളിപ്പെടുന്നുവെന്ന് ദിവ്യകാരുണ്യം അദ്ദേഹത്തെ പഠിപ്പിച്ചു.

മറഞ്ഞിരിക്കുന്ന ഭക്തി

ആരും കാണാതെ വിയാനി അച്ചൻ ചെയ്തിരുന്ന ചെറിയ ഉപവിപ്രവർത്തികൾ യഥാർത്ഥ ദിവ്യകാരുണ്യ സ്നേഹം മറഞ്ഞിരുന്നുകൊണ്ട് സ്വയം ആത്മാർപ്പണം ചെയ്യലാണന്ന് വെളിപ്പെടുത്തുന്നു. പുലർച്ചെയുള്ള ജാഗരണങ്ങൾ, രഹസ്യ പ്രായശ്ചിത്തങ്ങൾ, നിശബ്ദ സേവന പ്രവൃത്തികൾ എന്നിവ സക്രാരിയിൽ മറഞ്ഞിരിക്കുന്ന ഈശോയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു.

വൈദീകരുടെ സാർവത്രിക മധ്യസ്ഥൻ

വൈദികരുടെ സാർവത്രിക മധ്യസ്ഥൻ എന്ന നിലയിൽ ഓഗസ്റ്റ് നാലിന് വിശുദ്ധ ജോൺ വിയാനിയുടെ തിരുനാൾ ആഘോഷിക്കുന്നു. പുരോഹിത സ്വത്വം ദിവ്യകാരുണ്യ ഭക്തിയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ദിവ്യകാരുണ്യത്താൽ സംരക്ഷിക്കപ്പെട്ട അദ്ദേഹത്തിന്റെ അക്ഷയ ശരീരം, ദിവ്യകാരുണ്യത്തെ വിശ്വാസത്തോടെ സമീപിക്കുന്നവരെ എങ്ങനെ സംരക്ഷിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നുവെന്ന് പ്രതീകപ്പെടുത്തുന്നു.

വിശക്കുന്ന ആത്മാവ് ദിവ്യകാരുണ്യത്തിൽ മാത്രമേ പൂർണ്ണ സംതൃപ്തി കണ്ടെത്തൂ വിശുദ്ധ ജോൺ വിയാനി തന്റെ അസാധാരണമായ ദിവ്യകാരുണ്യ സ്നേഹത്തിലൂടെ നമ്മളെ പഠിപ്പിച്ച മഹത്തായ മാതൃകയാണത്.

ഫാ. ജയ്സൺ കുന്നേൽ MCBS

കടപ്പാട് ലൈഫ് ഡേ

Tags

Share this story

From Around the Web