വി. കാർലോ അക്കുത്തിസിന്റെ ആനിമേറ്റഡ് സിനിമയുടെ കാരിക്കേച്ചർ ലെയോ പാപ്പയ്ക്കു സമ്മാനിച്ച് നിർമ്മാതാവ്

‘കാർലോ അക്കുത്തിസ്, ദി ഇൻഫ്ളുവൻസർ ഓഫ് ഗോഡ്’ എന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ജുവാൻ കാർലോസ് കരേഡാനോ, ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന വിശുദ്ധന്റെ കാരിക്കേച്ചർ സമ്മാനിച്ചു. വിശുദ്ധരുടെ ജീവിതം തുടർന്നും പറയാൻ അദ്ദേഹത്തെയും സംഘത്തെയും പരിശുദ്ധ പിതാവ് പ്രോത്സാഹിപ്പിച്ചു.
“സത്യമായും അതൊരു അവിശ്വസനീയമായ കൂടിക്കാഴ്ചയായിരുന്നു. പാപ്പ അവിശ്വസനീയമാംവിധം ആവേശഭരിതനും വളരെ വാത്സല്യമുള്ളവനും വളരെ ഊഷ്മളനുമായിരുന്നു. കാരിക്കേച്ചർ കണ്ടപ്പോൾ അദ്ദേഹം അദ്ഭുതപ്പെട്ടു. പ്രത്യേകിച്ചും അത് ഇതിനകം പൂർത്തിയായതും ഉയർന്ന നിലവാരമുള്ളതും ആയതിനാൽ” – സെപ്റ്റംബർ 10 ബുധനാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ നടന്ന പൊതുസദസ്സിനു ശേഷം ലെയോ മാർപാപ്പ തന്നെ സ്വീകരിച്ച രീതി പങ്കുവച്ചുകൊണ്ട് കരേഡാനോ പറഞ്ഞു.
“കൂടാതെ പാപ്പ ഞങ്ങളുടെ പ്രവർത്തനത്തിന് വളരെയധികം നന്ദി പറഞ്ഞു. ഞങ്ങളുടെ കുടുംബങ്ങൾക്കും സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും അനുഗ്രഹം നേരുന്നുവെന്നും ഇന്ന് എക്കാലത്തെക്കാളും ആവശ്യമുള്ള വിശുദ്ധരുടെ ജീവിതത്തെക്കുറിച്ചുള്ള മഹത്തായ കഥകൾ പറഞ്ഞുകൊണ്ടേയിരിക്കാൻ അദ്ദേഹം ഞങ്ങളോട് ആവശ്യപ്പെട്ടു” – കരേഡാനോ തുടർന്നു. അതേസമയം സിസിസി ഓഫ് അമേരിക്ക നിർമ്മിച്ച ചിത്രത്തിന്റെ ഒരു പകർപ്പിൽ മാർപാപ്പ ഒപ്പുവച്ചു.
അഗസ്റ്റിൻ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചു നിർമ്മിച്ച ഈ ചിത്രം, വി. കാർലോ അക്കുത്തിസിനെയും വി. പിയർ ജോർജോ ഫ്രാസാത്തിയെയും വിശുദ്ധരായി പ്രഖ്യാപിച്ച ദിവസമായ സെപ്റ്റംബർ ഏഴ്, ഞായറാഴ്ച പ്രദർശിപ്പിച്ചു. ഇതേ നിർമ്മാണകമ്പനി ഇതിനകം തന്നെ വി. നിക്കോളാസ്, വി. പാട്രിക്,വി. ഫ്രാൻസിസ് ഓഫ് അസീസി, ഔവർ ലേഡി ഓഫ് ഫാത്തിമ, ലൂർദ് എന്നിവയെ അടിസ്ഥാനപ്പെടുത്തി മറ്റു നിർമ്മാണങ്ങൾ നടത്തിയിട്ടുണ്ട്.