ഇറാനെ ആക്രമിച്ച അമേരിക്ക അനന്തര ഫലങ്ങൾ അനുഭവിക്കേണ്ടിവരും: മുന്നറിയിപ്പുമായി ഹൂതികൾ

 
WWWW

ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരെയുളള അക്രമണങ്ങൾക്ക് പിന്നാലെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി യെമനിലെ ഹൂതി വിമതർ. അമേരിക്ക ഇതിൻ്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരും എന്നാണ് മുന്നറിയിപ്പ്. പൊളിറ്റിക്കൽ ബ്യുറോ നേതാവ് ഹെസാം അൽ ആസദ് ആണ് അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസവും ഹൂതികൾ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെ ആക്രമിച്ചാൽ അമേരിക്കയുടെ കപ്പലുകളും യുദ്ധക്കപ്പലുകളും ചെങ്കടലില്‍ മുക്കുമെന്നായിരുന്നു ഹൂതി വിമതരുടെ മുന്നറിയിപ്പ്. ഹൂതി വിമതരുടെ വക്താവ് യഹിയ സരിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

നേരത്തെ ഗാസയില്‍ ഇസ്രയേല്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ പലസ്തീനികള്‍ക്ക് പിന്തുണ അറിയിച്ച് ഹൂതികള്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങളുടെ കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതിന് പിന്നാലെ യുഎസ് ഹൂതികള്‍ക്ക് നേരെ വ്യാപക ആക്രമണം നടത്തിയിരുന്നു.

ഒമാന്റെ മധ്യസ്ഥതയില്‍ ഇക്കഴിഞ്ഞ മേയിലാണ് അമേരിക്കയും ഹൂതികളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ എത്തിയത്. ചെങ്കടലിലും ബാബ് അല്‍-മന്ദബ് കടലിടുക്കിലും ഇരു കക്ഷികളും പരസ്പരം ആക്രമണത്തിലേര്‍പ്പെടില്ലെന്നാണ് കരാര്‍. കരാര്‍ നിലവില്‍ വന്നതോടെ ഹൂതികള്‍ക്ക് നേരെയുള്ള ബോംബാക്രമണം യുഎസ് നിര്‍ത്തിയിരുന്നു.

Tags

Share this story

From Around the Web