ക്രൈസ്തവപീഡനങ്ങളെ തുടർന്ന് ഈ വർഷം നൈജീരിയയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക
ക്രിസ്തുമസ് ദിനത്തിലെ യുഎസ് സൈനിക നടപടികളെ തുടർന്ന്, 2026 ൽ, നൈജീരിയയിലെ ക്രൈസ്തവർക്കെതിരായ പീഡനം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ഉപരോധങ്ങളും മറ്റ് യുഎസ് നടപടികളും നടപ്പിലാക്കുമെന്നു പ്രതീക്ഷിക്കുന്നതായി കോൺഗ്രസ് അംഗങ്ങളും സാഹചര്യത്തെക്കുറിച്ച് പരിചയമുള്ള അഭിഭാഷകരും പറയുന്നു.
ഈ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാനും ക്രൈസ്തവരെ സംരക്ഷിക്കാനും അമേരിക്കയ്ക്ക് നൈജീരിയയുമായി പങ്കാളിത്തം വഹിക്കാൻ കഴിയുന്ന വഴികൾ വ്യക്തമാക്കുന്ന ഒരു റിപ്പോർട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു സമർപ്പിക്കുമെന്ന് വെസ്റ്റ് വിർജീനിയയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി റൈലി മൂർ പറഞ്ഞു.
ജനുവരിയിൽ എപ്പോഴെങ്കിലും കോൺഗ്രസ് അംഗം ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്നും നൈജീരിയയിലെ ക്രൈസ്തവർക്കെതിരായ പീഡനം അവസാനിപ്പിക്കാൻ ഭരണകൂടത്തിന് സ്വീകരിക്കാവുന്ന 30 നടപടികൾ ഉൾക്കൊള്ളുന്ന ഒരു റിപ്പോർട്ട് അവതരിപ്പിക്കുമെന്നും മൂറിന്റെ ഓഫീസ് പറഞ്ഞു. അതേസമയം, നൈജീരിയയെ പ്രത്യേക ആശങ്കയുള്ള രാജ്യമായി ട്രംപ് പ്രഖ്യാപിച്ചിരുന്നു.
“നൈജീരിയയിലേക്കുള്ള എന്റെ യാത്രയിൽ, സങ്കൽപിക്കാനാകാത്ത കഷ്ടപ്പാടുകൾ സഹിച്ച പലരെയും ഞാൻ കണ്ടുമുട്ടി. അവരുടെ കുട്ടികളെയും പ്രിയപ്പെട്ടവരെയും അവരുടെ മുന്നിൽ ക്രൂരമായി കൊലപ്പെടുത്തിയത് കണ്ട സ്ത്രീകൾ ഉൾപ്പെടെയുള്ളവർ” – മൂർ ഒരു പ്രസ്താവനയിൽ പറഞ്ഞു.
“വടക്കുകിഴക്കൻ മേഖലയിലെ ഐഎസിനെയും ബോക്കോ ഹറാമിനെയും നേരിടാനും മിഡിൽ ബെൽറ്റ് മേഖലയിലെ ക്രിസ്ത്യാനികൾക്കെതിരെ ഫുലാനി മുസ്ലീം തീവ്രവാദികൾ നടത്തുന്ന ലക്ഷ്യംവച്ചുള്ള അക്രമങ്ങൾ തടയാനും തന്ത്രപരമായ ഒരു സുരക്ഷാ ചട്ടക്കൂട് സ്ഥാപിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ഈ ഔദ്യോഗിക അന്വേഷണത്തിന് നേതൃത്വം നൽകാൻ എന്നെ ഏൽപിച്ചതിന് പ്രസിഡന്റ് ട്രംപിനോട് ഞാൻ നന്ദിയുള്ളവനാണ്. ഈ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാനും ക്രിസ്തുവിലുള്ള നമ്മുടെ സഹോദരീസഹോദരന്മാരെ സംരക്ഷിക്കാനും യുണൈറ്റഡ് സ്റ്റേറ്റ്സിന് നൈജീരിയയുമായി സഹകരിക്കാൻ കഴിയുന്ന വ്യക്തമായ വഴികൾ പ്രസിഡന്റിന് ഞാൻ അവതരിപ്പിക്കുന്ന റിപ്പോർട്ട് വിശദീകരിക്കുന്നു” – അദ്ദേഹം കൂട്ടിച്ചേർത്തു.
Share this: