ഇന്ത്യൻ ടെക്കികൾക്ക് അമേരിക്കയുടെ ഇരുട്ടടി; എച്ച് വൺ ബി വിസാ ഫീസ് ഒരു ലക്ഷം ഡോളറാക്കി

വാഷിങ്ടൺ: ഇന്ത്യൻ ടെക്കികൾക്ക് അമേരിക്കയുടെ ഇരുട്ടടി. വിദേശികൾക്ക് ജോലി ചെയ്യാൻ അനുവദിക്കുന്ന ഫീസ് കുത്തനെ കൂട്ടി. എച്ച് വൺ ബി വിസാ ഫീസ് നൂറിരട്ടിയോളം കൂട്ടി ഒരു ലക്ഷം ഡോളറാക്കി വര്‍ധിപ്പിച്ചു.
അപേക്ഷകരെ സ്പോൺസർ ചെയ്യുന്നതിന് കമ്പനികൾ 90 ലക്ഷത്തോളം രൂപയാണ് ഇനി നൽകേണ്ടത്. അമേരിക്കയുടെ ജോലി തട്ടിയെടുക്കുന്നത് തടയുകയാണ് ലക്ഷ്യമെന്ന് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു.
എച്ച് 1ബി വിസ (സാങ്കേതികരംഗത്ത് വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കുള്ള വിസ) പ്രോഗ്രാമിലൂടെ യുഎസ് തൊഴിലുടമകള്‍ക്ക് പ്രത്യേക തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ കഴിയും. ഈ വിസ പ്രോഗ്രാമിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇന്ത്യക്കാരാണ്, ഇന്ത്യയിലെ മുന്‍നിര ഐടി സ്ഥാപനങ്ങള്‍ എച്ച് 1ബി വിസകളെ വളരെയധികം ആശ്രയിക്കുന്നു.
2024 സെപ്റ്റംബര്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 9,265 വിസകളുമായി ആമസോണാണ് ഏറ്റവും കൂടുതല്‍ പേരെ ഇന്ത്യയില്‍നിന്നു റിക്രൂട്ട് ചെയ്തത്. തൊട്ടുപിന്നില്‍ ഇന്‍ഫോസിസ് 8,140 വിസകള്‍ നല്‍കി. ആകെ അനുവദിച്ച 1.3 ലക്ഷം വിസകളില്‍ 24,766 വിസകള്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കാണ് നല്‍കിയത്.
ഏകദേശം 85,000 എച്ച് വണ്‍ ബി വിസകള്‍ ഓരോ വര്‍ഷവും നല്‍കുന്നു. എച്ച് വണ്‍ ബി അപേക്ഷകള്‍ക്ക് 460 ഡോളര്‍ അടിസ്ഥാന ഫയലിങ് ഫീസിന് പുറമേ, തൊഴിലുടമകള്‍ ആന്റി-ഫ്രോഡ് ഫീസും പ്രീമിയം പ്രോസസ്സിങ് ഫീസും മറ്റും അടയ്ക്കുന്നു.
സാധാരണയായി, എച്ച് വണ്‍ ബി സ്റ്റാറ്റസ് 3 വര്‍ഷം വരെ സാധുതയുള്ളതാണ്, കൂടാതെ 3 വര്‍ഷം വരെ നീട്ടാനും കഴിയും. ഒരു എച്ച് വണ്‍ ബി വിസ ഉടമയ്ക്ക് ആറ് വര്‍ഷം വരെ ജോലി ചെയ്യാന്‍ കഴിയും.