ലെയോ പാപ്പയ്ക്ക് ജന്മദിന കേക്ക് സമ്മാനിച്ച് വത്തിക്കാനിലെ യുഎസ് അംബാസഡർ

പരിശുദ്ധ സിംഹാസനത്തിന്റെ പുതിയ അംബാസഡർ ബ്രയാൻ ബർച്ച് ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് ജന്മദിന കേക്ക് സമ്മാനിച്ചു. പുതുതായി നിയമിതനായ അദ്ദേഹം തന്റെ യോഗ്യതാപത്രങ്ങൾ സമർപ്പിക്കുന്നതിനായാണ് വത്തിക്കാനിലെത്തി പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്.
യുഎസ് എംബസിയുടെ പ്രസ്താവന പ്രകാരം, ഉക്രൈനിലും ഗാസയിലും നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളെക്കുറിച്ചുള്ള ചർച്ചകളും മതസ്വാതന്ത്ര്യ സംരക്ഷണം, ചൈനയുമായുള്ള വത്തിക്കാന്റെ ബന്ധം , നിർമ്മിതബുദ്ധി വിപ്ലവം എന്നിവയും ഇരുവരും ചർച്ച ചെയ്തു.
ഈ ആഴ്ച നടന്ന ആക്ടിവിസ്റ്റ് ചാർളി കിർക്കിന്റെ കൊലപാതകത്തെക്കുറിച്ച് “നമ്മുടെ രാഷ്ട്രീയ വ്യത്യാസങ്ങൾ ഒരിക്കലും അക്രമത്തിലൂടെ പരിഹരിക്കാൻ കഴിയില്ലെന്ന്” പരിശുദ്ധ പിതാവ് ഊന്നിപ്പറഞ്ഞു. കിർകിന്റെ ഭാര്യക്കും കുട്ടികൾക്കും വേണ്ടി പ്രാർഥിക്കുന്നു എന്നും പാപ്പ, അംബാസഡർ ബർച്ചിനോടു പറഞ്ഞതായി എംബസി റിപ്പോർട്ട് ചെയ്തു.
അരിസോണയിലെ ഫീനിക്സിൽ നിന്നുള്ള ബർച്ച് വിവാഹിതനും ഒൻപതു കുട്ടികളുടെ പിതാവുമാണ്. 1997 ൽ ഡാളസ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം കത്തോലിക്കാ ലാഭേച്ഛയില്ലാത്ത സംഘടനകളുടെ നേതൃത്വത്തിൽ ചേരുന്നതിനു മുമ്പ് ഒരു ബിസിനസ്സ്‌കാരനായിരുന്നു. 2005 മുതൽ ഈ വർഷം സ്ഥാനമേൽക്കുന്നതുവരെ, പൊതുജീവിതത്തിൽ കത്തോലിക്കാ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന സംഘടനകളായ കാത്തലിക് വോട്ട് സിവിക് ആക്ഷൻ, കാത്തലിക് വോട്ട് വിദ്യാഭ്യാസ ഫണ്ട് എന്നിവയുടെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
അതേസമയം മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം, “ചിക്കാഗോയിലെ ഒരു സുഹൃത്തിനോടു സംസാരിക്കുന്നതുപോലെ, അസാധാരണമാംവിധം സൗഹൃദപരമായിരുന്നു കൂടിക്കാഴ്ചയെന്ന് അംബാസഡർ ബർച്ച് വിശേഷിപ്പിച്ചു” എന്ന് എംബസി റിപ്പോർട്ട് ചെയ്തു.