കന്യാസ്ത്രീകളുടെ അന്യായമായ അറസ്റ്റ്; സിസ്റ്റര്‍ പ്രീതി മേരിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് എം എ ബേബി

ഛത്തീസ്ഗഡില്‍ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ പ്രീതി മേരിയുടെ കുടുംബാംഗങ്ങളെ സിപിഐ എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം എ ബേബി സന്ദര്‍ശിച്ചു. ജില്ലാ സെക്രട്ടറി എസ് സതീഷ്, ജില്ലാ കമ്മിറ്റി അംഗം K K ഷിബു, അങ്കമാലി ഏരിയ സെക്രട്ടറി കെ പി രജീഷ്,ഏരിയ കമ്മിറ്റി അംഗം ജിഷ ശ്യാം പാറക്കടവ് ലോക്കല്‍ സെക്രട്ടറി ജിബിന്‍ വര്‍ഗ്ഗീസ് എന്നിവരോടൊപ്പമായിരുന്നു സന്ദര്‍ശനം.
ഛത്തീസ്ഗഢില്‍ ബിജെപി സര്‍ക്കാര്‍ അന്യായമായി അറസ്റ്റ് ചെയ്തു തുറങ്കിലടച്ച മലയാളികളായ സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവര്‍ക്ക് ഇന്നലെയാണ് ജാമ്യം ലഭിച്ചത്. ബിലാസ്പൂര്‍ എന്‍ ഐ എ കോടതിയാണ് കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ അംഗീകരിച്ചത്.
അതേസമയം കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചു. വീട്ടിലെ അതിദാരിദ്ര്യം മൂലമാണ് ജോലിക്കായി പെണ്‍കുട്ടിയെ കന്യാസ്ത്രീകളുടെ കൂടെ അയച്ചതെന്ന് മാതാവ് പറഞ്ഞു. പൂര്‍ണ സമ്മതത്തോടെയാണ് വിട്ടതെന്നും മാതാവ് കൂട്ടിച്ചേര്‍ത്തു. ഭക്ഷണം പാചകം ചെയ്യാനാണ് മകള്‍ പോയത്. അഞ്ച് ലക്ഷം രൂപ ലോണ്‍ എടുത്താണ് വീട് വച്ചത്. ഈ വീടു വച്ച കടം വീട്ടാനാണ് മകള്‍ ജോലിക്ക് പോയതെന്നും മാതാവ് പറഞ്ഞു.