ലണ്ടനിൽ ജൂത സന്നദ്ധസംഘടനയുടെ ആംബുലൻസുകൾക്ക് അജ്ഞാതർ തീയിട്ടു
വടക്കൻ ലണ്ടനിലെ ജൂതസമൂഹത്തിന് സേവനം നൽകുന്ന ‘ഹത്സോല’ (Hatzola) എന്ന ചാരിറ്റി സംഘടനയുടെ ആംബുലൻസുകൾ അജ്ഞാതർ തീയിട്ടു നശിപ്പിച്ചു. സ്റ്റാംഫോർഡ് ഹില്ലിലെ ഹത്സോല ആസ്ഥാനത്തിനു പുറത്ത് നിർത്തിയിട്ടിരുന്ന രണ്ട് ആംബുലൻസുകളാണ് പൂർണ്ണമായും കത്തിയമർന്നത്. വിദ്വേഷം ലക്ഷ്യമിട്ടുള്ള ബോധപൂർവമായ ആക്രമണമാണിതെന്ന് സംശയിക്കുന്നതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആംബുലൻസുകൾക്ക് സമീപമെത്തിയ അക്രമി പെട്രോൾ ഉപയോഗിച്ച് തീയിടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മിനിറ്റുകൾക്കുള്ളിൽ വാഹനങ്ങൾ പൂർണ്ണമായും കത്തിനശിച്ചു.
കഴിഞ്ഞ 40 വർഷത്തിലേറെയായി ലണ്ടനിലെ ജൂതസമൂഹത്തിന് അടിയന്തര വൈദ്യസഹായം നൽകുന്ന സന്നദ്ധസംഘടനയാണ് ഹത്സോല. സൗജന്യസേവനമാണ് ഇവർ നൽകിവരുന്നത്. ഒക്ടോബർ ഏഴിന് ഇസ്രായേൽ-ഹമാസ് സംഘർഷം ആരംഭിച്ചതിനു ശേഷം ബ്രിട്ടനിൽ ജൂതവിരുദ്ധ ആക്രമണങ്ങൾ വൻതോതിൽ വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ ആംബുലൻസുകൾക്കു നേരെയുള്ള ആക്രമണത്തെ പൊലീസ് ഗൗരവമായാണ് കാണുന്നത്. ജീവൻരക്ഷാ വാഹനങ്ങളെ ലക്ഷ്യമിട്ടുള്ള ഈ ക്രൂരതയ്ക്കെതിരെ പ്രാദേശിക ഭരണകൂടവും വിവിധ മതനേതാക്കളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.