വെടിനിർത്തലിനു ശേഷവും ഗാസയിലെ കുട്ടികൾ പോഷകാഹാരക്കുറവ് നേരിടുന്നതായി യുഎൻ
ഒക്ടോബറിലെ വെടിനിർത്തലിനു ശേഷവും ഗാസയിൽ പോഷകാഹാരക്കുറവ് മൂലം ആയിരക്കണക്കിന് കുട്ടികൾ ചികിത്സയിലാണെന്ന് യുഎന്നിന്റെ കുട്ടികളുടെ ഏജൻസി വെളിപ്പെടുത്തി. സഹായപ്രവാഹം അപര്യാപ്തമായി തുടരുന്നു എന്നതിന്റെ സൂചനയാണിതെന്നാണ് യുണിസെഫ് വക്താവ് പറയുന്നത്.
യുദ്ധാനന്തരം ഗാസയിൽ പലർക്കും വീടുകൾ നഷ്ടമായതും വൃത്തിയുള്ള ഭക്ഷണം ഉറപ്പാക്കാനാവാത്തതും മൂലമുള്ള പ്രശ്നങ്ങൾ നിലവിലുണ്ട്. ഇത് കുട്ടികൾക്ക് ശുദ്ധജലം, ശുചിത്വം, ആരോഗ്യസേവനങ്ങൾ എന്നിവ ലഭിക്കുന്നതിലെ പോരായ്മകളും പോഷകാഹാരക്കുറവിനുള്ള സാധ്യതകളും വർധിപ്പിക്കുന്നു.
അതേസമയം ഒക്ടോബർ പത്തിലെ കരാറിനു മുമ്പുള്ളതിനേക്കാൾ കൂടുതൽ സഹായം പ്രദേശത്തേക്കു നൽകാൻ യുണിസെഫിനു കഴിയുന്നുണ്ട്. ഡിസംബറിൽ ഇതുവരെ, ഒരു ദിവസം ശരാശരി 140 സഹായട്രക്കുകൾ യുഎന്നും ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനും സംഘടിപ്പിച്ച വാഹനവ്യൂഹങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.