ഗാസയിൽ പ്രവർത്തനം തുടരുന്നതിന് ലെയോ പാപ്പയിൽ നിന്നും പിന്തുണ അഭ്യർഥിച്ച് യുഎൻ അഭയാർഥി ഏജൻസി
ഗാസ മുനമ്പിൽ നൽകുന്ന അവശ്യസേവനങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കുന്നതിന് പിന്തുണ നൽകണമെന്ന് ഐക്യരാഷ്ട്ര സഭയുടെ ദുരിതാശ്വാസ പ്രവർത്തന ഏജൻസിയായ നിയർ ഈസ്റ്റിന്റെ (UNRWA) കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനി, ലെയോ പതിനാലാമൻ മാർപാപ്പയോട് അഭ്യർഥിച്ചു. ജനുവരി 12 നു നടന്ന സ്വകാര്യ കൂടിക്കാഴ്ചയ്ക്കു ശേഷം കമ്മീഷണർ ജനറൽ ഫിലിപ്പ് ഈ കൂടിക്കാഴ്ചയെ ഒരു ബഹുമതിയായി വിശേഷിപ്പിച്ചു.
അധിനിവേശ പലസ്തീൻ പ്രദേശത്ത് പലസ്തീനികൾ സഹിച്ച വലിയ കഷ്ടപ്പാടുകളെക്കുറിച്ചും അതിന്റെ പ്രവർത്തനത്തിനെതിരെ വർധിച്ചുവരുന്ന ശത്രുതയ്ക്കിടയിൽ നേരിടുന്ന സമ്മർദങ്ങളെക്കുറിച്ചും അദ്ദേഹം പാപ്പയെ അറിയിച്ചു. ഈ ആക്രമണങ്ങൾ ബഹുരാഷ്ട്ര സംവിധാനത്തിനെതിരായ ആക്രമണവും അന്താരാഷ്ട്ര നിയമത്തിനെതിരായ വെല്ലുവിളിയുമാണ്. ‘ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനപ്പുറത്തേക്കു പോകുന്ന പ്രത്യാഘാതങ്ങൾ’ ഉണ്ടാകുമെന്ന് സോഷ്യൽ നെറ്റ്‌വർക്ക് എക്സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ യുഎൻ ഏജൻസിയുടെ തലവൻ പറഞ്ഞു.
സംഭാഷണത്തിലെ ഒരു പ്രധാന വിഷയം, ഗാസ മുനമ്പിൽ താമസിക്കുന്ന കുട്ടികളുടെ അവസ്ഥയായിരുന്നു. മാസങ്ങളായി നടക്കുന്ന യുദ്ധത്തിനും നാശത്തിനും ശേഷം ആറുലക്ഷത്തിലധികം കുട്ടികൾ അവശിഷ്ടങ്ങൾക്കിടയിലാണ് ഉറങ്ങുന്നതെന്ന് ലസാരിനി പറയുന്നു. സ്കൂളുകൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. കൂടാതെ, അടിസ്ഥാന സേവനങ്ങളും ലഭ്യമല്ലാത്ത സ്ഥിതിയാണ്.