കാസിൽ ഗാൻഡോൾഫോയിൽ വച്ച് ലെയോ പതിനാലാമൻ പാപ്പയുമായി കൂടിക്കാഴ്‌ച നടത്തി ഉക്രേനിയൻ പ്രസിഡന്റ്

കാസിൽ ഗാൻഡോൾഫോയിലെ വേനൽക്കാല വസതിയിൽ വച്ച് ലെയോ പതിനാലാമൻ പാപ്പയുമായി കൂടിക്കാഴ്‌ച നടത്തി ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. മെയ് 18 ന് ലെയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ വത്തിക്കാനിൽ വച്ച് ഇരുവരും കണ്ടുമുട്ടിയിരുന്നു.
പരിശുദ്ധ സിംഹാസനത്തിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവന പ്രകാരം, നിലവിലുള്ള സംഘർഷത്തെക്കുറിച്ചും സമാധാനത്തിന്റെ നീതിയുക്തവും നിലനിൽക്കുന്നതുമായ പാതകൾ പിന്തുടരേണ്ടതിന്റെ അടിയന്തിരാവസ്ഥയെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. ഇരുവരും തമ്മിൽ സ്വകാര്യ കൂടിക്കാഴ്ചയിൽ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം സംഭാഷണമാണെന്ന് ആവർത്തിച്ചു.
റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ഇരകളായവരെ പാപ്പ അനുസ്മരിച്ചു. തടവുകാരുടെ മോചനത്തിനും പ്രശ്നപരിഹാരം ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളെയും പാപ്പ പ്രോത്സാഹിപ്പിച്ചു. സമാധാന ചർച്ചകൾക്കായി വത്തിക്കാനിൽ റഷ്യയുടെയും ഉക്രൈന്റെയും പ്രതിനിധികളെ സ്വീകരിക്കാനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സന്നദ്ധതയും പാപ്പ വാഗ്‌ദാനം ചെയ്തു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ഏകദേശം 30 മിനിറ്റ് നീണ്ടുനിന്നു.