റഷ്യയിൽ യുക്രൈന്റെ വൻ ഡ്രോൺ ആക്രമണം; നാല് മരണം, എണ്ണശുദ്ധീകരണ ശാലകൾ തകർത്തു
റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമാക്കി യുക്രൈൻ നടത്തിയ ശക്തമായ ഡ്രോൺ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിനിടെ മോസ്കോ നഗരത്തിന് നേരെയുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്ന് റഷ്യൻ അധികൃതർ ഞായറാഴ്ച സ്ഥിരീകരിച്ചു. അതിർത്തി പ്രദേശങ്ങളിലും മോസ്കോയിലുമായി നടന്ന ഈ ആക്രമണങ്ങളിൽ പന്ത്രണ്ടിലധികം ആളുകൾക്ക് പരിക്കേൽക്കുകയും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
തങ്ങളുടെ നഗരങ്ങൾക്ക് നേരെ റഷ്യ നടത്തുന്ന അതിക്രമങ്ങൾക്കുള്ള ശക്തമായ മറുപടിയാണ് ഇതൊക്കെയെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വ്യക്തമാക്കി. മോസ്കോ മേഖലയിലെ ഒരു എണ്ണശുദ്ധീകരണ ശാലയും രണ്ട് എണ്ണ പമ്പിങ് കേന്ദ്രങ്ങളും തങ്ങളുടെ സൈന്യം വിജയകരമായി തകർത്തതായി യുക്രൈൻ അവകാശപ്പെട്ടു. റഷ്യയുടെ ശക്തമായ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് അതിർത്തിയിൽ നിന്നും അഞ്ഞൂറിലധികം കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ യുക്രൈൻ തകർത്തത്.
അതേസമയം യുക്രൈൻ ജനവാസ മേഖലകളെയാണ് ലക്ഷ്യം വെക്കുന്നതെന്നും ഇതൊരു ഭീകരാക്രമണമാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വഴി ആയിരത്തിലധികം യുക്രൈനിയൻ ഡ്രോണുകൾ വെടിവച്ചിട്ടതായും റഷ്യൻ സൈന്യം അറിയിച്ചു. ഇരുപക്ഷവും ആക്രമണം ശക്തമാക്കിയതോടെ അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ പലതും പൂർണ്ണമായും തകരുന്ന അവസ്ഥയിലാണ്.