കൊടുംതണുപ്പിൽ വിറച്ച് യുക്രൈൻ: വൈദ്യുതിയും വെള്ളവുമില്ലാതെ ലക്ഷക്കണക്കിനു കുട്ടികൾ ദുരിതത്തിൽ
റഷ്യൻ ആക്രമണം ശക്തമായതോടെ യുക്രൈനിൽ, ലക്ഷക്കണക്കിനു കുട്ടികൾ കൊടുംതണുപ്പിൽ വലയുന്നതായി യൂണിസെഫ്. വൈദ്യുതിനിലയങ്ങൾ തകർന്നതിനാൽ വീടുകളിൽ ചൂടോ, വെളിച്ചമോ, വെള്ളമോ ലഭിക്കാത്ത അവസ്ഥയാണുള്ളത്. രാജ്യത്തെ താപനില മൈനസ് 15 ഡിഗ്രിയിലേക്കു താഴ്ന്നതോടെ സാധാരണക്കാരുടെ ജീവിതം അതീവ ദുസ്സഹമായി മാറിയിരിക്കുകയാണ്.
വൈദ്യുതി ഇല്ലാത്തതിനാൽ കുട്ടികളുടെ പഠനം പൂർണ്ണമായും തടസ്സപ്പെട്ടതായി യൂണിസെഫ് പ്രതിനിധി അറിയിച്ചു. നവജാതശിശുക്കൾ തണുപ്പ് മൂലം മാരകമായ ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ജനങ്ങളെ സഹായിക്കാൻ സന്നദ്ധസംഘടനകൾ രംഗത്തുണ്ടെങ്കിലും തണുപ്പിനെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങളുടെ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഭക്ഷണം വാങ്ങണോ, അതോ വീട് ചൂടാക്കാനുള്ള ഇന്ധനം വാങ്ങണോ എന്നറിയാതെ പല കുടുംബങ്ങളും കഷ്ടപ്പെടുകയാണ്. യുദ്ധം തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും കഠിനമായ ശൈത്യകാലത്തിലൂടെയാണ് ഇപ്പോൾ യുക്രൈൻ കടന്നുപോകുന്നത്. അന്താരാഷ്ട്രതലത്തിൽ നിന്നുള്ള സാമ്പത്തികസഹായം കുറയുന്നത് ദുരിതാശ്വാസ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.