സ്കൂളുകളിൽ കുട്ടികളെ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള റഷ്യയുടെ പദ്ധതി തകർത്ത് ഉക്രൈൻ
ഉക്രൈനിലെ സ്കൂളുകളിൽ കുട്ടികളെ ഉപയോഗിച്ച് വെടിവയ്പ്പും ബോംബ് സ്ഫോടനവും നടത്താനുള്ള റഷ്യൻ ചാരസംഘടനയുടെ ഗൂഢപദ്ധതി തകർത്ത് ഉക്രൈൻ സുരക്ഷാസേന. സാമൂഹിക മാധ്യമങ്ങൾ വഴി കുട്ടികളെ സ്വാധീനിച്ച് സ്വന്തം സ്കൂളുകൾക്കു നേരെതന്നെ ആക്രമണം നടത്താനായിരുന്നു റഷ്യയുടെ നീക്കം. ഒഡീസ, കിറോവോഹ്രാദ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളെയാണ് ഇത്തരത്തിൽ റഷ്യൻ ഏജന്റുമാർ വലയിലാക്കിയത്.
ടെലിഗ്രാം, ടിക്ടോക് തുടങ്ങിയ ആപ്പുകൾ വഴിയാണ് കുട്ടികളെ ഈ കുറ്റകൃത്യങ്ങളിലേക്ക് ആകർഷിക്കുന്നത്. സ്കൂളുകളിൽ ബോംബ് വയ്ക്കാനും തുടർന്ന് വെടിയുതിർക്കാനും പതിനഞ്ചുകാരനായ വിദ്യാർഥിക്ക് റഷ്യൻ ഏജന്റുമാർ നിർദേശം നൽകിയിരുന്നു. ഇതിനായി കുട്ടികൾക്ക് ആവശ്യമായ സ്ഫോടകവസ്തുക്കളും ആയുധങ്ങളും എത്തിച്ചുനൽകാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് കണ്ടെത്തി.
ആക്രമണത്തിനു ശേഷം സാക്ഷികളെ ഇല്ലാതാക്കാനായി കുട്ടികളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതായും അന്വേഷണസംഘം വ്യക്തമാക്കി. കൃത്യസമയത്ത് ഇടപെട്ട സുരക്ഷാ ഉദ്യോഗസ്ഥർ കുട്ടികളുടെ പക്കൽ നിന്നും ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. അതേസമയം, ഭീകരപ്രവർത്തനത്തിന് കേസെടുത്ത പതിനഞ്ചുകാരനായ വിദ്യാർഥിക്ക് പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.