രാഹുലിന് സംരക്ഷണം നൽകേണ്ടതില്ലെന്ന് യുഡിഎഫ്; നിരപരാധിത്വം തെളിയിച്ചാൽ തിരിച്ചുവരാമെന്ന നിലപാടിൽ വി ഡി സതീശൻ

തിരുവനന്തപുരം: യുവതികളെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതടക്കം ഗുരുതരമായ ഫോണ്‍ സംഭാഷണങ്ങളും ചാറ്റുകളും പുറത്തുവന്ന പശ്ചാത്തലത്തിൽ സസ്‌പെന്‍ഷനിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് യുഡിഎഫ് തീരുമാനം.
നിയമസഭാ സമ്മേളനത്തില്‍ രാഹുലിനെ മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്താല്‍ സര്‍ക്കാരിന് എതിരെയുള്ള പ്രധാന വിഷയങ്ങള്‍ ഉന്നയിക്കാന്‍ തടസ്സമാകുമെന്നാണ് വിലയിരുത്തല്‍.
ഘടകകക്ഷി നേതാക്കളും സമാനമായ അഭിപ്രായം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനം എടുക്കാനാണ് നീക്കം.
ഒരുതരത്തിലും രാഹുലുമായി സഹകരിച്ചു പോകാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം വനിതാ നേതാക്കള്‍ നേതൃത്വത്തെ നിലപാട് അറിയിച്ചിട്ടുണ്ട്. അതേസമയം നിരപരാധിത്വം തെളിയിച്ചാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചുവരാമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട്.