ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ സിബിഐക്ക് തിരിച്ചടി; മുഴുവൻ പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു, ഒരു കോടതിക്കും ഹൃദയമില്ലെന്ന് പ്രഭാവതിയമ്മ

കൊച്ചി: തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിലെ മുഴുവൻ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. സിബിഐ അന്വേഷണത്തിൽ ഗുരുതര പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഒരു കോടതിക്കും ഹൃദയമില്ലെന്നായിരുന്നു ഉദയകുമാറിൻ്റെ അമ്മയുടെ പ്രതികരണം.
മോഷണക്കുറ്റം ആരോപിച്ച് 2005 സെപ്തംബർ 27ന് പകൽ രണ്ടു മണിക്കാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് അന്നത്തെ ഫോർട്ട് സി.ഐ ആയിരുന്ന ഇ.കെ. സാബുവിന്‍റെ പ്രത്യേക സ്ക്വാഡിലുള്ളവരാണ് ആക്രി കച്ചവടക്കാരനായ ഉദയകുമാറിനെ പിടികൂടി സ്റ്റേഷനിലെത്തിച്ചത്.
കേസ് പോലും ചാർജ് ചെയ്യാതെ കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചും ഉരുട്ടിയുമാണ് കൊലപ്പെടുത്തിയത് എന്നായിരുന്നു കേസ്. ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നീ പൊലീസുകാർ ചേർന്നാണ് മർദ്ദിച്ചതെന്നും എസ്.ഐ അജിത് കുമാറും സിഐ ഇ.കെ. സാബുവുമായി ഗൂഢാലോചന നടത്തിയെന്നും സിബിഐ കണ്ടെത്തിയിരുന്നു.
തുടർന്നാണ് അഞ്ച് പേരെയും കോടതി ശിക്ഷിച്ചത്. ഒരു പൊലീസ് ഉദ്യോഗസ്ഥന് വധശിക്ഷയും വിധിച്ചിരുന്നു. ഈ കേസിലാണ് തെളിവില്ലെന്ന് കണ്ട് ഹൈക്കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടത്. അഞ്ച് പ്രതികളുണ്ടായിരുന്ന കേസിൽ ഒരാൾ വിചാരണയ്ക്കിടെ മരിച്ചിരുന്നു.
ഇത്രയും കുറ്റം ചെയ്തിട്ടും തെളിവില്ലെന്ന് പറയുന്നത് എന്താണെന്നായിരുന്നു ഉദയകുമാറിൻ്റെ അമ്മ പ്രഭാവതിയുടെ ചോദ്യം.