ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിൽ എറിഞ്ഞുകൊന്ന കേസ്; കുട്ടിയുടെ അമ്മ ശ്രീതു അറസ്റ്റിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിൽ എറിഞ്ഞുകൊന്ന കേസിൽ കുട്ടിയുടെ അമ്മ ശ്രീതു അറസ്റ്റിൽ. ബാലരാമപുരം പൊലീസ് ശ്രീതുവിനെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടി. കേസിൽ ശ്രീതുവിനെ രണ്ടാം പ്രതിയാക്കി.
കൊലപാതകത്തിൽ ശ്രീതുവിന് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. അമ്മയുടെ അറിവോടെയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു. ശ്രീതുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കേസിൽ നേരത്തെ കുട്ടിയുടെ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചിരുന്നുവെങ്കിലും ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന ഹരികുമാറിന്റെ മൊഴിയിൽ പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ തുടർച്ചയായി മൊഴിമാറ്റിയതോടെ ഹരികുമാറിനെയും കുട്ടിയുടെ അമ്മയെയും നുണപരിശോധനക്ക് വിധേയമാക്കിയിരുന്നു. ശ്രീതു തന്നെ പ്രതിയാക്കാനാണ് ശ്രമിക്കുന്നതെന്നും അവരാണ് കൊലനടത്തിയതെന്നുമായിരുന്നു ഹരികുമാർ പിന്നീട് നൽകിയ മൊഴി.
സഹോദരന്റെ മൊഴി ശ്രീതു തള്ളിക്കളഞ്ഞിരുന്നു. ശ്രീതുവിനെതിരെ കുട്ടിയുടെ പിതാവും സംശയം പ്രകടിപ്പിച്ച് ആരോപണം ഉന്നയിച്ചിരുന്നു. തെളിവുകൾ ഇല്ലാത്തതിനാൽ ആദ്യ ഘട്ടത്തിൽ പ്രതി ചേർത്തിരുന്നില്ലെങ്കിലും കുറ്റപത്രത്തിൽ ശ്രീതുവിനെയും പൊലീസ് ഉൾപ്പെടുത്തിയിരുന്നു.
ജനുവരി 30നാണ് ബാലരാമപുരത്തെ വീട്ടുവളപ്പിലെ കിണറ്റിൽ വീണുമരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.