ബൈബിള്‍ പകര്‍ത്തിയെഴുതിയ രണ്ടായിരം പേരുടെ സംഗമം ശ്രദ്ധേയമായി
കോട്ടപ്പുറം: ബൈബിള്‍ പകര്‍ത്തി എഴുതിയ രണ്ടായിരം പേരുടെ സംഗമം ശ്രദ്ധേയമായി. ഈശോമിശിഹായുടെ മനുഷ്യാവതാര ജൂബിലി 2025 ന്റെ കോട്ടപ്പുറം രൂപതാതല സമാപനത്തോടനുബന്ധിച്ചായിരുന്നു സംഗമം ഒരുക്കിയത്.
കോട്ടപ്പുറം രൂപത വിശ്വാസപരിശീലന കേന്ദ്രത്തിന്റെയും ബൈബിള്‍ അപ്പോസ്തലേറ്റിന്റെയും നേതൃത്വത്തില്‍ ബൈബിളിലെ ഉല്‍പ്പത്തി പുസ്തകം പകര്‍ത്തിയെഴുതിയ രണ്ടായിരം പേരുടെ സംഗമമാണ് നടത്തിയത്.
കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട്, രൂപതാ വിശ്വാസ പരിശീലന കമ്മീഷന്‍ ഡയറക്ടര്‍ ഫാ.സിജോ വേലിക്കകത്തൊട്ട് , രൂപതാ ബൈബിള്‍ അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. ടോണി കൈതത്തറ എന്നിവര്‍ ചേര്‍ന്ന് ബൈബിള്‍ പകര്‍ത്തിയെഴുതിയവരെ ആദരിച്ചു. കെസിബിസി ബൈബിള്‍ മാസാചരണത്തിന്റെ സമാപനവും നടന്നു.
കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ നടന്ന ജൂബിലി സമാപന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. രൂപതയിലെ എല്ലാ വൈദികരും സഹകാര്‍മ്മികരായി.
ഇതിന് മുന്നോടിയായി കൊടുങ്ങല്ലൂര്‍ ബോയ്‌സ് സ്‌കൂള്‍ മൈതാനത്തു നിന്നും കൃഷ്ണന്‍കോട്ട ക്രിസ്തുരാജ ദേവാലയത്തില്‍ നിന്നും തുരുത്തിപ്പുറം സെന്റ് ഫ്രാന്‍സിസ് അസീസി ദേവാലയത്തില്‍ നിന്നുമായി കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലിലേക്ക് ജൂബിലി തീര്‍ത്ഥാടന പദയാത്രകള്‍ നടന്നു.
കൃഷ്ണന്‍കോട്ടയില്‍നിന്ന് ജൂബിലി കുരിശും കൊടുങ്ങല്ലൂരില്‍ നിന്ന് ബൈബിളും ജൂബിലി പതാകയും തുരുത്തിപ്പുറത്തു നിന്ന് ജൂബിലി എംബ്ലവും വഹിച്ചായിരിന്നു പദയാത്ര. ക്രിസ്ത്രീയ കലാരൂപങ്ങളുടെ അകമ്പടിയും നിശ്ചല ദൃശ്യങ്ങളുമായി ഇടവകകളുടെ ബാനറിനു പിന്നിലായി പേപ്പല്‍ പതാകകളുമായി ആയിരങ്ങള്‍ അണിചേര്‍ന്ന പദയാത്രയില്‍ ജപമാല ചൊല്ലി വിശ്വാസീ സമൂഹം പങ്കെടുത്തു.
ക്രിസ്തീയ വിശ്വാസത്തിന്റെ പിള്ളത്തൊട്ടിലായ കൊടുങ്ങല്ലൂര്‍-കോട്ടപ്പുറത്തെത്തിയ പദയാത്രകള്‍ക്ക് കത്തീഡ്രല്‍ കവാടത്തില്‍ കത്തീഡ്രല്‍ ഇടവകയുടെ നേതൃത്വത്തില്‍ വരവേല്പ് നല്‍കി.