രണ്ട് പോപ്പ്മൊബൈലുകൾ, മൂന്ന് ഇലക്ട്രിക് വാഹനങ്ങൾ ലെയോ പാപ്പയുടെ സ്പെയിൻ യാത്രയ്ക്ക് തയ്യാറായി വാഹനങ്ങളും

 
Leo papa

ലെയോ പതിനാലാമൻ മാർപാപ്പയുടെ സ്പെയിൻ സന്ദർശനം കേവലം ഒരു ആത്മീയ യാത്ര മാത്രമല്ല, കൃത്യമായ ആസൂത്രണത്തിന്റെയും സുരക്ഷാ സജ്ജീകരണങ്ങളുടെയും ഒരു വലിയ നേർക്കാഴ്ച കൂടിയാണ്. ജൂൺ ആറിന് ആരംഭിക്കുന്ന തന്റെ അപ്പസ്തോലിക് പര്യടനത്തിൽ മാഡ്രിഡ്, ബാഴ്സലോണ, കാനറി ദ്വീപുകൾ എന്നിവ മാർപാപ്പ സന്ദർശിക്കും. ഈ യാത്രയിലുടനീളം വിവിധ സമയങ്ങളിലായി രണ്ട് പോപ്പ്മൊബൈലുകളും മൂന്ന് ഇലക്ട്രിക് വാഹനങ്ങളുമാണ് മാർപാപ്പയുടെ യാത്രാസംഘത്തിന്റെ ഭാഗമാകുന്നത്.

ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ഏറെ സുപരിചിതമായ പോപ്പ്മൊബൈൽ, വൻ ജനപങ്കാളിത്തമുള്ള പൊതുപരിപാടികളിലാണ് ഉപയോഗിക്കുക. ഇത്തവണത്തെ യാത്രയുടെ വാഹന വിന്യാസം അല്പം സങ്കീർണ്ണമാണ്. മാഡ്രിഡിൽ ഉപയോഗിക്കുന്ന പോപ്പ്മൊബൈൽ, മാർപാപ്പ ബാഴ്സലോണയിലേക്ക് തിരിക്കുമ്പോൾ അവിടെനിന്ന് നേരെ കാനറി ദ്വീപുകളിലേക്ക് എത്തിക്കും. അതേസമയം, ബാഴ്സലോണയിലെ പരിപാടികൾക്കായി റോമിൽ നിന്ന് നേരിട്ട് മറ്റൊരു പോപ്പ്മൊബൈൽ എത്തിക്കാനാണ് തീരുമാനം.

ബാഴ്സലോണയിലെ പര്യടനം പൂർത്തിയാക്കി ലെയോ പതിനാലാമൻ മാർപാപ്പ മടങ്ങുമ്പോൾ, അവിടെയുണ്ടായിരുന്ന പോപ്പ്മൊബൈൽ ടെനറിഫിലേക്ക് അയക്കും. സന്ദർശനത്തിന്റെ അവസാന ദിനത്തിൽ കുടിയേറ്റക്കാരുടെ പുനരധിവാസ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും സാന്താക്രൂസ് ഡി ടെനറിഫ് തുറമുഖത്ത് വിശുദ്ധ കുർബാന അർപ്പിക്കുന്നതിനും ഈ വാഹനമായിരിക്കും മാർപാപ്പ ഉപയോഗിക്കുക. സ്പാനിഷ് എയർഫോഴ്സ് ആൻഡ് സ്പേസ് ഫോഴ്സ് അംഗങ്ങളും വത്തിക്കാൻ സുരക്ഷാ വിഭാഗവും സംയുക്തമായാണ് അതീവ സുരക്ഷാ പ്രാധാന്യമുള്ള ഈ വാഹന കൈമാറ്റങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

ഇതിനുപുറമെ, കുറഞ്ഞ ആളുകൾ പങ്കെടുക്കുന്ന ചെറിയ ഒത്തുചേരലുകളിൽ തീർഥാടകർക്കിടയിലൂടെ സഞ്ചരിക്കാൻ ഗോൾഫ് കോഴ്സുകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള മൂന്ന് ‘ഇലക്ട്രിക് ബഗ്ഗി’ വാഹനങ്ങളും മാർപാപ്പ ഉപയോഗിക്കും. പരിസ്ഥിതി സൗഹൃദപരമായ ഈ വാഹനങ്ങളിൽ ഒന്ന് സ്പെയിനിലെ ബർഗോസിൽ നിർമ്മിക്കുന്നതാണ്. രണ്ടാമത്തേത് കാനറി ദ്വീപുകളിൽ പ്രത്യേക മാറ്റങ്ങൾ വരുത്തി തയ്യാറാക്കുമ്പോൾ, മൂന്നാമത്തേത് വത്തിക്കാനിൽ നിന്ന് നേരിട്ട് ബാഴ്സലോണയിൽ എത്തിക്കും.

വെള്ള നിറത്തിൽ, മാർപാപ്പയ്ക്ക് ഉയരത്തിൽ നിന്ന് ജനങ്ങളെ കാണാനും ആശീർവദിക്കാനും പാകത്തിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത ‘പോപ്പ്മൊബൈൽ’ പിറവിയെടുക്കുന്നത് 1970-കളിലാണ്. വി. പോൾ ആറാമൻ മാർപാപ്പയാണ് ഇത്തരം ഒരു വാഹനം ആദ്യമായി (അപൂർവമായി മാത്രം) ഉപയോഗിച്ചത്. ഒരു ടൊയോട്ട ലാൻഡ് ക്രൂസർ ആയിരുന്നു അത്. എന്നാൽ അന്ന് ‘പോപ്പ്മൊബൈൽ’ എന്ന പേര് അപ്പോൾ ഉണ്ടായിരുന്നില്ല.

തുടർന്ന് വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഒരു ‘ഫിയറ്റ് കാമ്പാന്യോള’ (Fiat Campagnola) ആണ് ഉപയോഗിച്ചിരുന്നത്. 1981 മെയ് 13-ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ വച്ച് തുർക്കി പൗരനായ മെഹ്മത് അലി ആഗ്ചയുടെ വെടിയേറ്റ് ജോൺ പോൾ രണ്ടാമന്റെ ചോര വീണത് ഈ വാഹനത്തിലായിരുന്നു. ഈ വധശ്രമത്തിന് ശേഷമാണ് പോപ്പ്മൊബൈലുകളിൽ വലിയ മാറ്റങ്ങൾ വരുത്തിയത്. മാർപാപ്പയെ ജനങ്ങൾക്ക് വ്യക്തമായി കാണാൻ സാധിക്കുന്ന വിധത്തിൽ, എന്നാൽ വെടിയേൽക്കാത്ത തരം ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കവചങ്ങളും വാഹനത്തിന് ചുറ്റും സ്ഥാപിച്ചു. പിന്നീട് മെഴ്സിഡസ്, ഫിയറ്റ്, സീറ്റ്, ഫോർഡ്, ഹണ്ടായ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ വാഹനങ്ങൾ പോപ്പ്മൊബൈലുകളായി മാറി.

നിലവിൽ, പൂർണ്ണമായും ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനാൽ മൂടിയ പോപ്പ്മൊബൈലുകളും, വത്തിക്കാനിലെ ബുധനാഴ്ചകളിലെ പൊതുദർശന വേളകളിൽ ഉപയോഗിക്കുന്നതുപോലെയുള്ള തുറന്ന വാഹനങ്ങളും നിലവിലുണ്ട്.

Tags

Share this story

From Around the Web